ഒന്പതുവയസുകാരൻ മകനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ച നിലയിൽ
Wednesday, September 20, 2023 12:30 AM IST
അടൂർ: ഏനാത്ത് അച്ഛനെയും ഒന്പതു വയസുകാരനായ മകനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് വടക്കടത്തുകാവ് കല്ലുംപുറത്ത് പടിപ്പുരയിൽ മാത്യു പി. അലക്സ് (ലിറ്റിൻ, 47) മൂത്ത മകൻ മെൽവിൻ മാത്യു (9) എന്നിവരെയാണ് സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം.
ഏനാത്ത് കടികയിലാണ് അച്ഛനും രണ്ട് മക്കളും വാടകയ്ക്ക് താമസിച്ചിരുന്നത്. മാത്യുവിനെ സ്റ്റെയർ കെയ്സിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിലും മകൻ മെൽവിനെ സ്വീകരണ മുറിയിൽ നിലത്ത് വിരിച്ച ഷീറ്റിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇളയമകൻ ആൽവിൻ (അഞ്ച്) രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് മൃതദേഹം കാണുന്നത്.
ആൽവിന്റെ നിലവിളികേട്ട് സമീപവാസികൾ എത്തുകയും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലേ മരണകാരണം വ്യക്തമാകൂ. മാത്യുവിന്റെ ഭാര്യ ആശ ജോലിക്കായി വിദേശത്താണ്. മാത്യു നേരത്തേ വിദേശത്ത് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ഏറെനാളായി നാട്ടിലുണ്ടായിരുന്നു.