ആൽമരം വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം
Sunday, June 11, 2023 12:24 AM IST
ആലുവ: ഫുട്ബോൾ കളിക്കുന്നതിനിടെ മൈതാനത്തെ കൂറ്റൻ ആൽമരം കാറ്റത്ത് ഒടിഞ്ഞുവീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു.
വെളിയത്തുനാട് മില്ലുപടി കരോട്ടുപറമ്പിൽ രാജേഷിന്റെയും ലിൻഷയുടെയും മകൻ അഭിനവ് ആണ് മരിച്ചത്. കരോട്ടുപറമ്പിൽ സബീഷിന്റെ മകൻ സച്ചിൻ (ഏഴ്), പുത്തൻചാലിൽ വിനോദിന്റെ മകൻ ആദിദേവ് (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വെളിയത്തുനാട് മില്ലുപടി വെള്ളാം ഭഗവതി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. 10 പേരാണ് ഇവിടെ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്നത്. പ്രദേശത്ത് രാവിലെ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മഴ തോർന്ന സമയത്താണ് ഇവർ കളിച്ചിരുന്നത്.
ഒടിഞ്ഞുവീണ മരത്തിനടിയിൽപ്പെട്ട മൂന്നു കുട്ടികളെയും നാട്ടുകാരാണ് പുറത്തെടുത്തത്. ഉടൻ മൂവരെയും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അഭിനവിനെയും സച്ചിനെയും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അഭിനവിന്റെ ജീവൻ രക്ഷിക്കാനായില്ല.