കേരള യൂണിവേഴ്സിറ്റി 36 യൂണിയൻ കൗണ്‍സിലർമാരെ അയോഗ്യരാക്കി
Sunday, June 11, 2023 12:23 AM IST
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്സിറ്റി കൗണ്‍സിലറുമായി ബന്ധപ്പെട്ട ആൾമാറാട്ട സംഭവത്തിന്റെ തുടർ അന്വേഷണത്തിൽ കേരളാ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളിലെ 36 യൂണിവേഴ്സിറ്റി കൗണ്‍സിലർമാർ അയോഗ്യരാക്കപ്പെട്ടു.
നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതുകൊണ്ടാണ് ഇവർ അയോഗ്യരാണെന്ന് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കറ്റ് യോഗം അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു.
കൂടാതെ സർവകലാശാലയ്ക്ക് കീഴിലുള്ള ചില കോളജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളജുകളിൽ ചട്ട പ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.