സോളാർ കേസ്: അന്വേഷണസംഘത്തെ ക്രൂശിക്കാൻ സർക്കാർ ശ്രമിച്ചു: എ. ഹേമചന്ദ്രൻ
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ അന്വേഷണ റിപ്പോർട്ട് നൽകാത്തതിന്റെ പേരിൽ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ്പിമാർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും സർക്കാർ പ്രതികാര നടപടി സ്വീകരിച്ചിരുന്നതായി അന്വേഷണസംഘത്തലവനും മുൻ ഡിജിപിയുമായ എ. ഹേമചന്ദ്രൻ.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നീതി എവിടെ എന്ന ആത്മകഥയിലാണ് സർക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ചല്ലാത്ത അന്വേഷണ റിപ്പോർട്ട് തയാറാക്കിയതിന്റെ പേരിൽ അന്വേഷണസംഘാംഗങ്ങൾക്കെതിരേയും പ്രതികാര നടപടി സ്വീകരിച്ചതായി വ്യക്തമാക്കുന്നത്.
കമ്മീഷൻ റിപ്പോർട്ടിന്റെ നിയമസാധുത പോലും മനസിലാക്കാതെയാണ് സർക്കാർ തുടർ നടപടികളുമായി മുന്നോട്ടു പോയത്. സ്വതന്ത്ര മനസുള്ള ആ ഉദ്യോഗസ്ഥർ അന്വേഷണഘട്ടത്തിലും സോളാർ കമ്മീഷന്റെ പ്രവർത്തനത്തിനിടയിലുമുണ്ടായ വെല്ലുവിളികൾ നേരിടുന്നതിൽ തന്നോടൊപ്പം നിന്നവരാണ്. അതിന്റെ പേരിലുള്ള ഉത്തരവാദിത്വം തന്റേതാണെന്നും അന്വേഷണ സംഘത്തലവൻ എന്ന നിലയിൽ തെറ്റുപറ്റിയെങ്കിൽ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അവരെ ശിക്ഷിക്കരുതെന്നും കാട്ടി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തു നൽകി. ഇതു വാർത്തയായതോടെ വലിയ വിവാദങ്ങൾക്ക് ഇടയാക്കി. സർവീസിലുള്ളവർ അടക്കമുള്ള ചില ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ പിന്തുണ അറിയിച്ചതായും ഹേമചന്ദ്രന്റെ പുസ്തകത്തിൽ പറയുന്നു.
പിണറായി സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നു താരതമ്യേന അപ്രധാനമായ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കാണ് എ. ഹേമചന്ദ്രനെ മാറ്റിയത്. ഹേമചന്ദ്രന്റെ പുസ്തകത്തിലൂടെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ ഞെട്ടിക്കുന്ന വേട്ടയാടലിന്റെയും പകപോക്കലിന്റെയും ചരിത്രമാണു പുറത്തു വരുന്നതെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയതോടെ കൂടുതൽ രാഷ്ട്രീയ വിവാദങ്ങളിലേക്കും കടുക്കുകയാണ്.