ജോലിയില്‍ തുടരാന്‍ വ്യാജരേഖയുമായി വിദ്യ കഴിഞ്ഞ മാസവും കരിന്തളം കോളജിലെത്തി
Saturday, June 10, 2023 12:13 AM IST
നീലേശ്വരം: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുമായി കരിന്തളം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയ എസ്എഫ്ഐ മുന്‍ നേതാവും തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിയുമായ കെ.വിദ്യ, ജോലിയില്‍ തുടരാന്‍ കോളജില്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്കിയെന്നു കണ്ടെത്തല്‍.
എന്നാല്‍, അഭിമുഖത്തില്‍ അഞ്ചാം റാങ്കായതിനാല്‍ നിയമനം ലഭിച്ചില്ല. നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പ്രേംസദന്റെ നേതൃത്വത്തില്‍ കരിന്തളം ഗവ.കോളജില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ ഇവിടെ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായി ജോലി ചെയ്തത്. ഇക്കാലയളവില്‍ ഇവര്‍ സര്‍വകലാശാല മൂല്യനിര്‍ണയക്യാമ്പില്‍ പങ്കെടുത്തതായും വിവരമുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂര്‍- കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്കി.