റവന്യു വകുപ്പിലെ അഴിമതിക്കാരെ കണ്ടെത്താൻ പ്രത്യേക സംവിധാനം
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: റവന്യുവകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം നടപ്പാക്കാൻ റവന്യു സെക്രട്ടേറിയറ്റിൽ തീരുമാനം.
റവന്യുവകുപ്പിനെ അഴിമതി വിമുക്തമാക്കാനുള്ള നടപടികൾക്കും യോഗം രൂപം നൽകി. റവന്യു മന്ത്രി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർ എല്ലാ മാസവും രണ്ട് റവന്യൂ ഓഫീസുകളും കളക്ടർമാർ പ്രതിമാസം അഞ്ച് റവന്യൂ ഓഫീസുകളും ഡെപ്യൂട്ടി കളക്ടർ, ആർഡിഒമാർ എന്നിവർ പ്രതിമാസം 10 റവന്യൂ ഓഫീസുകളും പരിശോധിച്ച് സർക്കാരിലേക്കു റിപ്പോർട്ട് നൽകണം.
റിപ്പോർട്ടുകൾ ഏകോപിപ്പിച്ചു നൽകാൻ ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ അർജുൻ പാണ്ഡ്യനെ ചുമതലപ്പെടുത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിക്കേണ്ട ശിപാർശ സഹിതം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, മന്ത്രി എന്നിവർക്ക് നൽകണം.
ശിപാർശകളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാർ, കൈക്കൂലി കേസിൽ പിടിയിലായ സംഭവത്തിൽ തയാറാക്കിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരേഷ്കുമാറിനെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ചാർജ് മെമ്മോ നൽകും.
അറസ്റ്റിലായ സുരേഷ് കുമാറിന്റെ അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാതിരുന്ന പാലക്കയം വില്ലേജ് ഓഫീസർക്കെതിരേ കഠിന ശിക്ഷയ്ക്കുള്ള ചാർജ് മെമ്മോ നൽകാനും ശിപാർശയുണ്ട്.