വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് ഭക്തജനപ്രവാഹം
Friday, June 9, 2023 1:04 AM IST
കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിൽ പങ്കെടുക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടന കേന്ദ്രത്തിൽ പതിനായിരങ്ങളെത്തി.
ഇന്നലെ രാവിലെ മുതൽ രാത്രി വരെ നിശ്ചിത ഇടവേളകളിൽ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു. ആഘോഷമായ തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി.
തിരുക്കർമങ്ങൾക്ക് മുന്നോടിയായി ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. തിരുക്കർമങ്ങളിലും നേർച്ച ഊട്ടിലും തിരുനാൾ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടന്ന പ്രദക്ഷിണത്തിൽ അനേകർ അണിനിരന്നു.
തിരുനാൾ പരിപാടികൾക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ മോൺ. ജോസ് മഞ്ഞളി, തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ ജോസ് പോൾ ചെതലൻ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകി.