വിദ്വേഷപ്രചാരണങ്ങൾ നിർത്തണം: കത്തോലിക്ക കോൺഗ്രസ് കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തില്‍നിന്നും തല്പരകക്ഷികള് പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സാഹചര്യം വേദനാജനകമാണ്. അതിനു കാരണക്കാരായവരുണ്ടെങ്കില് അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
ഈ വിഷയത്തില്‍ കോളജ് അധികൃതര്‍ നല്കിയ പരാതിയില്‍ അന്വേഷണവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറാകണം. മരണം നടന്ന് രണ്ടു ദിവസങ്ങള്‍ക്കുശേഷം കോളജിനെതിരേ നിരന്തരം നടക്കുന്ന അക്രമങ്ങളും വിദ്വേഷപ്രചാരണങ്ങളും സംഘടിത സ്വഭാവമുള്ളതായും ഗൂഢാലോചനയുള്ളതായും വ്യക്തമാണ്.
യൂണിവേഴ്സിറ്റി നിയമമനുസരിച്ച് കോളജ് ക്ലാസില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. ലാബ് ക്ലാസിനിടയില്‍ വിദ്യാര്‍ഥിനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നിയമപ്രകാരം അധികൃതര്‍ വാങ്ങിവച്ചു വീട്ടില്‍ വിവരമറിയിച്ചിരുന്നു. അതിനെ വളച്ചൊടിച്ച് കോളജ് അധികൃതരെ മോശക്കാരാക്കാനുള്ള ശ്രമം പുറത്തു നിന്നുള്ള തത്പര കക്ഷികളുടെ നേതൃത്വത്തില്‍ സംഘടിതമായി നടത്തുകയാണ്.
സമാന സംഭവങ്ങളില്‍ ചിലര്‍ കാണിക്കുന്ന താത്പര്യക്കുറവും അമല്‍ ജ്യോതിയിലെ സംഭവത്തിലെ അമിത താത്പര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
പത്രസമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമി ഡൊമിനിക് കൊച്ചുപറമ്പില്‍, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, കോട്ടയം അതിരൂപത പ്രതിനിധി തോമസ് പീടികയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.