ട്രെയിനിനു തീയിട്ട കേസിലെ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു
Thursday, June 8, 2023 2:42 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന്റെ കോച്ചിനു തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു.
അറസ്റ്റിലായ പശ്ചിമബംഗാൾ 24 സൗത്ത് ഫർഗാനസ് സ്വദേശി പ്രസോൺ ജിത്ത് സിക്തറിനെ (40) യാണ് കേസിലെ ഏക സാക്ഷിയായ ഭാരത് പെട്രോളിയം കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ണൂർ സ്പെഷൽ സബ് ജയിലിൽ നടത്തിയ തിരിച്ചറിയിൽ പരേഡിൽ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു നിർത്തിയിട്ട ട്രെയിനിന്റെ കോച്ചിന് തീയിട്ടത്.
തീപിടിത്തത്തിൽ ഒരു കോച്ച് പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചിരുന്നു.
സംഭവത്തിനു മുന്പ് പ്രതി റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ടിരുന്നതായി ബിപിസിഎൽ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിന് മൊഴി നൽകിയിരുന്നു.
കണ്ണൂർ എസിപി ടി. കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.