ക്രൈസ്തവ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു: കാഞ്ഞിരപ്പള്ളി രൂപത
Wednesday, June 7, 2023 12:48 AM IST
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത സങ്കടകരമായ കാര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ. അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനിയായിരുന്ന തൃപ്പൂണിത്തുറ തിരുവാംകുളം സ്വദേശിനി ശ്രദ്ധ സതീഷ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളും ചൊവ്വയുമായി കോളജ് കാന്പസിൽ ചില തത്പരകക്ഷികളുടെ വ്യക്തമായ അജൻഡ നടപ്പാക്കത്തക്ക വിധത്തിൽ ഒരുപാടു പേർ കയറിയിറങ്ങി ബഹളങ്ങളുണ്ടാക്കുകയും അസഭ്യം പറയുകയും നാശന ഷ്ടങ്ങളുണ്ടാക്കുകയും കോളജിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്ന വളരെ വിഷമകരമായ സാഹചര്യമാണുള്ളത്.
കേരളത്തിലെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന, രാജ്യത്തുതന്നെ പേരുകേട്ട, വളരെ ഉന്നതനിലവാരം പുലർത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെയുള്ള സാധാരണ മനുഷ്യരുടെകൂടി അധ്വാനത്തിന്റെ ഫലമാണ്. ഇതിനെ നശിപ്പിക്കാൻ ചില തത്പരകക്ഷികൾ കൃത്യമായ അജൻഡയോടുകൂടി പ്രവർത്തിക്കുന്നതായി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള മരണം ഇനിയും ആവർത്തിക്കപ്പെടാൻ പാടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ കാര്യകാരണങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്; കോളജിനെ സംബന്ധിച്ചും കേരളത്തിലെ പൊതുസമൂഹത്തെ സംബന്ധിച്ചും. ഇതു തേഞ്ഞുമാഞ്ഞുപോയ ഒരു കേസാകാൻ പാടില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്നതിനു മുന്പുതന്നെ ഈ കേസിനെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോളജ് മാനേജ്മെന്റ് കോട്ടയം എസ്പിക്കു പ്രത്യേകം കത്ത് നൽകുകയും ഇതിന്റെ പ്രത്യേകതകൾ മനസിലാക്കി കൂടുതൽ ശ്രദ്ധയോടെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ദാരുണമായ സംഭവമുണ്ടായത് ജൂൺ രണ്ടിന് വൈകുന്നേരമാണ്. തലേദിവസമാണ് ഒരു മാസത്തെ അവധിക്കു ശേഷം കോളജ് ഹോസ്റ്റലിൽ ഈ വിദ്യാർഥിനി മടങ്ങിയെത്തിയത്. അന്നേദിവസംതന്നെ യൂണിവേഴ്സിറ്റി തേർഡ് സെമസ്റ്ററിന്റെ റിസൾട്ട് വന്നു. മൂന്നു സെമസ്റ്ററിലെ റിസൾട്ടിൽ 16 തിയറി പേപ്പറുകളിൽ 12 എണ്ണത്തിലും ഈ കുട്ടി പരാജയപ്പെട്ടതായാണ് കാണുന്നത്.
കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ഒരു താമസവും വന്നിട്ടില്ല. ഡോക്ടർമാർ ആത്മാർഥമായി പരിശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആ കാര്യം മാതാപിതാക്കളെ വിളിച്ചറിയിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കോളജിൽനിന്നു മാനേജരും അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ കുറേയധികം ആളുകൾ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസങ്ങൾക്കുശേഷം കോളജിൽ അരങ്ങേറിയ കാര്യങ്ങൾ വളരെ സങ്കടകരമാണെന്നും സന്ദേശത്തിൽ പറയുന്നു.