അമൽജ്യോതിക്കെതിരേയുള്ള സമരം: ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്
amlajoyti762023.pg
Wednesday, June 7, 2023 12:48 AM IST
കൊച്ചി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിനെതിരേയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ജീവന് വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിനു കാരണക്കാരായവരുണ്ടെങ്കില് അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ വിഷയത്തില്‍ കോളജ് അധികൃതര്‍ നല്കിയ പരാതിയില്‍ അന്വേഷണവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറാകണം.
മരണം നടന്ന് രണ്ട് ദിവസത്തിനുശേഷം കോളജിനെതിരേ നടക്കുന്ന അക്രമങ്ങളില്‍ സംഘടിതസ്വഭാവമുള്ളതായും ഗൂഢാലോചന ഉള്ളതായും വ്യക്തമാണ്. യൂണിവേഴ്സിറ്റി നിയമമനുസരിച്ച് കോളജില്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. ലാബ് ക്ലാസിനിടയില്‍ വിദ്യാര്‍ഥിനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നിയമപ്രകാരം അധികൃതര്‍ വാങ്ങിവച്ചു വീട്ടില്‍ വിവരമറിയിച്ചിരുന്നു. അതിനെ വളച്ചൊടിച്ച് കോളജ് അധികൃതരെ മോശക്കാരാക്കാനുള്ള ശ്രമം പുറത്തുനിന്നുള്ള തത്പരകക്ഷികളുടെ നേതൃത്വത്തില്‍ സംഘടിതമായി നടത്തുന്നു.
അധ്യാപകരെ തടഞ്ഞുവച്ചും ഉപദ്രവിച്ചും സ്ഥാപനങ്ങള്‍ക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങള്‍ അംഗീകരിക്കാനാകില്ല. സംഘടിതനീക്കങ്ങള്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ നടപടിയുണ്ടാകണം. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ച് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും തയാറാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ഒഴുകയില്‍, ടെസി ബിജു, ജോമി ഡോമിനിക്, ജോസഫ് പണ്ടാരക്കളം, സണ്ണിക്കുട്ടി അഴകമ്പ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.