കോൺഗ്രസ് പുനഃസംഘടനയിൽ പൊട്ടിത്തെറി
Tuesday, June 6, 2023 12:39 AM IST
സാബു ജോണ്
തിരുവനന്തപുരം: പതിനൊന്നു ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലി പ്രതിഷേധം നിലനിൽക്കെ അവശേഷിച്ച മൂന്നു ജില്ലകളിലെ പ്രസിഡന്റുമാരെയും കെപിസിസി പ്രഖ്യാപിച്ചു. ആകെ 282 ബ്ലോക്ക് പ്രസിഡന്റുമാരെയും നിയമിച്ച് കോണ്ഗ്രസ് പുന:സംഘടനയുടെ ഒരു ഘട്ടം പൂർത്തിയാക്കി.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതോടെ എല്ലാ ബ്ലോക്കിലും പുതിയ പ്രസിഡന്റുമാരായി.
മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുമായി വിപുലമായി നടത്തിയ കൂടിയാലോചനകളിലൂടെയാണ് പുനഃസംഘടന പൂർത്തിയാക്കിയതെന്നു കെപിസിസി നേതൃത്വം അവകാശപ്പെട്ടു. എന്നാൽ കൂടിയാലോചനയില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്നാരോപിച്ച് എ ഗ്രൂപ്പ് പരസ്യമായി രംഗത്തു വന്നു. പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് എം.എം. ഹസൻ പറഞ്ഞു. കോണ്ഗ്രസിലെ ഐക്യശ്രമങ്ങൾക്ക് എതിരാണ് ഇപ്പോഴത്തെ നീക്കമെന്ന് ബെന്നി ബഹനാൻ കുറ്റപ്പെടുത്തി. പുനഃസംഘടനയ്ക്കെതിരേ എം.കെ. രാഘവൻ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഡിസിസി യോഗങ്ങളിൽനിന്നു വിട്ടുനിൽക്കുമെന്നും അവർ പറയുന്നു. വയനാട് ലീഡേഴ്സ് മീറ്റിൽ ഉരുത്തിരിഞ്ഞു വന്ന ഐക്യത്തിന്റെ അന്തരീക്ഷത്തിന് ഉലച്ചിൽ തട്ടുന്നതായി ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
സംസ്ഥാന കോണ്ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കടക്കാനിരിക്കെയാണ് സംഘടനയ്ക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉയർന്നു വന്നിരിക്കുന്നത്.
കോണ്ഗ്രസിലെ സമവാക്യങ്ങൾ മാറി മറിയുന്നതിനിടെ ആരൊക്കെ ഏതു പക്ഷത്തു നിൽക്കുന്നു എന്നു തിരിച്ചറിയാൻ പോലും പറ്റാത്ത നിലയിലാണ്. പുനഃസംഘടനയിൽ വലിയ തിരിച്ചടി ഉണ്ടായി എന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ്. രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പും അതൃപ്തരാണ്.
അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന തങ്ങൾക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യവും വേണമെന്നാണ് നിലവിലെ നേതൃത്വത്തിന്റെ പക്ഷം. കെ. കരുണാകരനും എ.കെ. ആന്റണിയും നേതൃത്വത്തിലുണ്ടായിരുന്ന കാലത്തും പിന്നീട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അധികാരം പങ്കിട്ടിരുന്നപ്പോഴും അവർ തമ്മിൽ കൂടിയാലോചിച്ചാണു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.
സമാനമായി തങ്ങൾക്കും അതിനുള്ള അവകാശമുണ്ടെന്ന നിലപാടിലാണ് ഇപ്പോൾ നേതൃത്വത്തിലുള്ള കെ. സുധാകരനും വി.ഡി. സതീശനും.
എഐസിസി അംഗങ്ങളെ നിശ്ചയിച്ചപ്പോഴും ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നു പറഞ്ഞു വലിയ പൊട്ടിത്തെറി ഉണ്ടായിരുന്നു. 11 ജില്ലകളിലെ നല്ല പങ്ക് പ്രസിഡന്റ് സ്ഥാനങ്ങളിലും ഒറ്റ പേര് നിർദേശിക്കാൻ കഴിഞ്ഞിരുന്നു. അവശേഷിച്ച സ്ഥാനങ്ങളിലേക്ക് കെ. സുധാകരനും വി.ഡി. സതീശനും ഏകപക്ഷീയമായി പ്രസിഡന്റുമാരെ നിയമിച്ചു എന്നാണു പരാതി. എന്നാൽ എല്ലാ ഗ്രൂപ്പുകൾക്കും പ്രാതിനിധ്യമുള്ള ഉപസമിതിക്ക് ഒറ്റപ്പേരു നിർദേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ പിന്നീട് എന്തു ചർച്ചയ്ക്കാണു പ്രസക്തിയെന്നു മറുപക്ഷം ചോദിക്കുന്നു.