നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Tuesday, June 6, 2023 12:39 AM IST
കയ്പമംഗലം (തൃശൂർ): ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) കയ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ സ്വകാര്യ ചാനലിന്റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
നടനും ഹാസ്യതാരവുമായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട കാറില്‍ മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നത്. വണ്ടി ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിൽ കാർ ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാന്‍. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.