എംജി, മലയാളം സർവകലാശാലകൾക്ക് താത്കാലിക വിസിമാർ
Tuesday, June 6, 2023 12:39 AM IST
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തെ തുടർന്ന് ദിവസങ്ങളോളം വൈസ് ചാൻസലർമാരെ നിയമിക്കാൻ കഴിയാതിരുന്ന എംജി സർവകലാശാലയ്ക്കും മലയാളം സർവകലാശാലയ്ക്കും താത്കാലിക വിസിമാരായി.
എംജി സർവകലാശാല സ്കൂൾ ഓഫ് എണ്‍വയോണ്‍മെന്റ് സയൻസിലെ പ്രഫസറും മുൻ പ്രൊ വൈസ്ചാൻസലറുമായിരുന്ന ഡോ. സി.ടി. അരവിന്ദകുമാറിനെ എംജി സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജ്ഞാപനം ഇറക്കി.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി കാലടി സംസ്കൃത സർവകലാശാലയിലെ പ്രഫസറായ ഡോ. എൽ. സുഷമയെയും നിയമിച്ചു. താത്കാലിക വിസി നിയമനം സബന്ധിച്ച് സർക്കാരും ഗവർണറും തമ്മിൽ തർക്കം ഉടലെടുത്തതിനെ തുടർന്ന് രണ്ട് സർവകലാശാലകളിലും ദിവസങ്ങളായി വൈസ് ചാൻസലർമാർ ഇല്ലാത്ത സ്ഥിതിയായിരുന്നു.