അരിക്കൊന്പനു വേണ്ടി ഹർജി : തമിഴ്നാട് വനംവകുപ്പിനും തലവേദന
Tuesday, June 6, 2023 12:39 AM IST
കന്പം: കേരളത്തിൽ അരിക്കൊന്പൻ ദൗത്യം വൈകാൻ കാരണമായത് കോടതി ഇടപെടലാണെന്ന ആക്ഷേപം നിലനിൽക്കെ തമിഴ്നാട്ടിലും കോടതി ഇടപെടൽ വനംവകുപ്പിന് തലവേദന സൃഷ്ടിച്ചു.ആനയെ കേരളത്തിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി സമർപ്പിച്ച ഹർജി സർക്കാരിന്റെ വാദം കേട്ട് തള്ളി.
ഇതിനു പുറമേ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും വനത്തിൽ തുറന്നു വിടുന്നതു തടയണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഇന്നു രാവിലെ 10.30നു മധുരബഞ്ച് വാദംകേൾക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത് സർക്കാരിന് വെല്ലുവിളിയായി.
എന്നാൽ, ആനയെ രാത്രി കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ നിലപാട്. കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആനയെ തുറന്നുവിടുമെന്ന് വ്യക്തമാക്കി വനം മന്ത്രി മതിവേന്തൻ തന്നെ രംഗത്തെത്തിയത്. ആനയെ ആംബുലൻസിൽ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ അതു വലിയ വെല്ലുവിളിയായി മാറിയേനെ. മണിക്കൂറുകൾ കഴിയുന്പോൾ ആനയുടെ മയക്കം വിടും.
ആനയെ വാഹനത്തിൽ തന്നെ സംരക്ഷിക്കണമെങ്കിൽ വീണ്ടും മയക്കാൻ ബൂസ്റ്റർ ഡോസ് നൽകണം. ഒരുമാസം മുന്പ് മയക്കു വെടിവയ്ക്കുകയും ബൂസ്റ്റർ ഡോസ് നൽകുകയും ചെയ്ത ആനയ്ക്കാണ് ഇന്നലെ വീണ്ടും മയക്കു വെടിവച്ചത്. വീണ്ടും ബൂസ്റ്റർ ഡോസ് നൽകി ആനയെ മയക്കി നിർത്തുക എന്നത് ഏറെ ശ്രമകരമായ നടപടിയായി മാറിയേനെ.
കന്പം ടൗണിലിറങ്ങിയ ആന വിരണ്ട് ഓടുന്നതിനിടെ ബൈക്കിൽ വന്നയാളെ തട്ടിയിടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അദ്ദേഹം മരണമടയുകയും ചെയ്തിരുന്നു. വീണ്ടും ജനവാസ മേഖലയിൽ ആനയിറങ്ങി നാശനഷ്ടമുണ്ടാക്കിയാൽ അതു വലിയ പ്രതിഷേധത്തിനു കാരണമാകുമെന്ന വിലയിരുത്തലുമാണ് മിഷൻ അരിക്കൊന്പൻ-2 വേഗത്തിലാക്കാൻ തമിഴ്നാട് സർക്കാരിനെ പ്രേരിപ്പിച്ചത്.
ആദിവാസികളെ നിയോഗിച്ച് അരിക്കൊന്പനെ നിരീക്ഷിച്ചു
കന്പം: കാട്ടാനകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീനം ലഭിച്ച ആദിവാസികളെ അരിക്കൊന്പൻ ദൗത്യത്തിനു തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചിരുന്നതായി സൂചന. ജനവാസ മേഖലയിലിറങ്ങി പ്രശ്നം സൃഷ്ടിക്കുന്ന ആനയെ കാടിനു പുറത്ത് മയക്കുവെടിവച്ച് പിടിച്ചുകൊണ്ടുപോകാൻ സൗകര്യ പ്രദമായ സ്ഥലത്ത് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇവരെ നിയോഗിച്ചിരുന്നത്.
ആനയ്ക്ക് ഭക്ഷിക്കാൻ അരിയും ചക്കയും ഉൾപ്പെടെയുള്ളവ വനത്തിൽ എത്തിച്ചു നൽകിയിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും തമിഴ്നാട് വനംവകുപ്പ് ഇതു സ്ഥിരീകരിച്ചിരുന്നില്ല. ഇതെല്ലാം മയക്കുവെടിവയ്ക്കാൻ ആനയെ സൗകര്യപ്രദമായ സ്ഥലത്ത് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നുവെന്നാണ് കരുതുന്നത്. ഇന്നലെ ദൗത്യം നടക്കുന്ന വിവരം പ്രദേശവാസികളിൽ ചിലർ മാത്രമാണ് അറിഞ്ഞിരുന്നത്. അതീവ രഹസ്യമായാണ് തമിഴ്നാട് വനംവകുപ്പ് കാര്യങ്ങൾ നീക്കിയത്.
ഇതിനിടെ വനത്തിലൂടെ റേഡിയോ കോളറുമായി കാട്ടിൽ കറങ്ങുന്ന കാട്ടാനയെ മറ്റു കാട്ടാനകൾ തുരത്താനുള്ള സാധ്യതയും ചർച്ചയായിട്ടുണ്ട്. കോളറുമായി നടക്കുന്ന ആനയെ കാട്ടാനകൾ കൂട്ടത്തിൽ ചേർക്കാനുള്ള സാധ്യത കുറവാണെന്ന വിമർശനവുമുണ്ട്. ആന വീണ്ടും ജനവാസ മേഖലയിലെത്താനുള്ള സാധ്യതയും കൂടുതലാണെന്നും പറയപ്പെടുന്നു.