അഴിമതി തടയാൻ മന്ത്രി മുതൽ ജോയിന്റ് കമ്മീഷണർവരെ വില്ലേജ് ഓഫീസുകൾ സന്ദർശിക്കും
Tuesday, June 6, 2023 12:38 AM IST
തിരുവനന്തപുരം: അഴിമതി പരിപൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി റവന്യു വകുപ്പിൽ വിവിധതലങ്ങളിൽ പരിശോധന ശക്തമാക്കും. ഇതിന്റെ ഭാഗമായി റവന്യു മന്ത്രി മുതൽ ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഓരോ മാസവും രണ്ട് വില്ലേജ് ഓഫീസ് എങ്കിലും പതിവായി സന്ദർശിക്കും.
വകുപ്പിനെ പൂർണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യം ചർച്ച ചെയ്യാനായി സർവീസ് സംഘടനാ പ്രതിനിധികളുമായി റവന്യു മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
റവന്യു മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മീഷണർ, ജോയിന്റ് കമ്മീഷണർ എന്നിവരാണ് ഓരോ മാസവും ചുരുങ്ങിയത് രണ്ട് വില്ലേജ് ഓഫീസുകൾ എങ്കിലും സന്ദർശിക്കുക. ഇതിനുപുറമേ റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശോധനയും ഉണ്ടാകും.
ഇങ്ങനെ പല തലങ്ങളിലുള്ള പരിശോധന വന്നാൽ ഒരു മാസം സംസ്ഥാനത്തെ 500 വില്ലേജുകളിൽ ഒരു തവണയെങ്കിലും ഉന്നത റവന്യു ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കാൻ കഴിയും. കീഴ്ജീവനക്കാർ അഴിമതിയുടെ ഭാഗമായാൽ അതേക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഒന്നുമറിയില്ല എന്ന നില അനുവദിക്കാനാവില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.
ഉദ്യോഗസ്ഥ തലങ്ങളിലുള്ള പരിശോധന മാസത്തിൽ രണ്ടു തവണ നടത്തിയോ എന്നത് അവരുടെ പെൻ നമ്പർ മുഖേന അറിയാൻ സാധിക്കും. ഉദ്യോഗസ്ഥരുടെ പെൻ നമ്പറുമായി ബന്ധിപ്പിക്കുന്ന മൊഡ്യൂൾ ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്.
വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ ഒരു കാരണവശാലും മൂന്നുവർഷത്തിനുശേഷം ഒരിടത്ത് തുടരില്ല. റവന്യു ഉദ്യോഗസ്ഥരുടെ നെയിംബോർഡ് അവരുടെ സീറ്റുകൾക്ക് മുൻപാകെ പ്രദർശിപ്പിക്കും. ജനങ്ങൾക്ക് പേരും തസ്തികയും സഹിതം പരാതിപ്പെടാനാണിത്.
ഈ മാസം 10 ഓടെ അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ ഉള്ള ടോൾ ഫ്രീ നമ്പർ നിലവിൽ വരും. ഇതിനു പുറമേ ജൂലൈയോടെ വകുപ്പിന്റെ പോർട്ടലിൽ ഇതിനുള്ള സംവിധാനം ഒരുക്കും.