കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
Tuesday, June 6, 2023 12:38 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയൽവാസികളും അടുത്തസുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തിൽ അബ്ദുൽ താഹിറിന്റെ മകൻ മുഹമ്മദ് ആദിൽ (17), ഒളവണ്ണ ചെറുകര ടി.കെ. ഹൗസിൽ അബ്ദുൽ റഹീമിന്റെ മകൻ ആദിൽ ഹസൻ (16) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ഇരുവരെയും കുളിക്കുന്നതിനിടെ കാണാതായത്. രാത്രി പതിനൊന്നരയോടെ അദില്‍ ഹസന്റെയും ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ മുഹമ്മദ് ആദിലിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
ലയൺസ് പാർക്കിനു പിറകിലെ ബീച്ചിലാണ് അപകടം.
കൂട്ടുകാർക്കൊപ്പം ബീച്ചിൽ ഫുട്ബാൾ കളി കഴിഞ്ഞ് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ആദിൽ ഹസൻ പെട്ടെന്ന് ഒഴുക്കിൽപ്പെട്ടു വീണപ്പോൾ ആദിലും സുഹൃത്ത് മുബാറക്കും ഓടിയെത്തി പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് വന്ന വൻതിരയിൽ രണ്ടു പേർ കടലിലേക്കും മുബാറക്ക് കരയിലേക്കും തെറിച്ചുവീണു.
മീഞ്ചന്ത സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയതാണ് ആദിൽ ഹസൻ. അമ്മ: റഹ്മത്ത്. സഹോദരങ്ങൾ: ഫാരിസ, അജ്മൽ. തളി സാമൂതിരി ഹയർ സെക്കൻഡറിയിൽനിന്ന് പ്ലസ് ടു കഴിഞ്ഞതാണ് മുഹമ്മദ് ആദിൽ. അമ്മ: റൈനാസ്. സഹോദരി: നഹ്റിൻ നഫീസ.