ബീച്ചിൽ കളിക്കാനെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി
Monday, June 5, 2023 12:59 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിക്കാനെത്തിയ രണ്ടു വിദ്യാർഥികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ (13), ആദിൽ ഹസൻ (16) എന്നിവരെയാണു കാണാതായതെന്നു വെള്ളയിൽ പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.
രാവിലെ ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് തിരയിലേക്കു തെറിച്ചുപോയപ്പോൾ എടുക്കുന്നതിനായി കടലിലേക്ക് ഇറങ്ങിയതായിരുന്നു ഇരുവരും. കൂടെയുള്ള മറ്റു മൂന്നു പേർ ബഹളം വച്ചതിനെത്തുടർന്ന് ബീച്ചിലെത്തിയവർ തിരയിലിറങ്ങിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് വെള്ളയിൽ പോലീസിന്റെ നേതൃത്വത്തിൽ മത്സ്യബന്ധന തൊഴിലാളികളും കോസ്റ്റ്ഗാർഡും ചേർന്ന് തെരച്ചിൽ നടത്തി. വൈകുന്നേരം കടൽ പ്രക്ഷുബ്ധമാകുന്നതു വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.