കോൺഗ്രസിൽ ഗ്രൂപ്പുപോര് മുറുകുന്നു
Monday, June 5, 2023 12:59 AM IST
തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിൽ ഗ്രൂപ്പുപോര് മുറുകുന്നു. വയനാട് സമ്മേളനത്തിൽ പ്രഖ്യാപിച്ച ഐക്യകാഹളമാണ് ഇതോടെ ഗ്രൂപ്പുപോരിനു വഴിമാറുന്നത്. പുനഃസംഘടനയിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആരോപണവുമായി എ ഗ്രൂപ്പ് ഇതിനകം രംഗത്തെത്തി.
ഡിസിസി യോഗങ്ങളിൽ പങ്കെടുക്കാതെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ ബ്ലോക്ക് പുനഃസംഘടനയ്ക്കു പിന്നാലെ നടക്കേണ്ട മണ്ഡലം പുനഃസംഘടനയിലും നിസഹരണ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായവും ഗ്രൂപ്പിനുള്ളിൽ ഉയർന്നിട്ടുണ്ട്. പുനഃസംഘടനയിൽ മാനദണ്ഡം പാലിച്ചിട്ടില്ല എന്ന ആരോപണവുമായി എം.കെ. രാഘവൻ എംപി രംഗത്തെത്തി.
നേതൃത്വം അടിയന്തരമായി ഇക്കാര്യങ്ങളിൽ ഇടപെടൽ നടത്തണമെന്ന ആവശ്യവും രാഘവൻ മുന്നോട്ടു വച്ചു. എന്നാൽ, ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മുതിർന്ന നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ് അന്തിമതീരുമാനം കൈക്കൊണ്ടതെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.