‘മൃതദേഹങ്ങൾക്കു നടുവിലായിരുന്നു ഞങ്ങള്‍’
Sunday, June 4, 2023 12:41 AM IST
ഭുവനേശ്വര്‍ : ""എന്താണു പറ്റിയതെന്നു മനസിലായില്ല, അതിനുമുന്പേ ട്രെയിന്‍ തലകീഴായി മറിയുന്നപോലെ തോന്നി.. പിന്നെ കേട്ടത് എവിടെയൊക്കെയോ ഇടിച്ചുതകര്ക്കുന്നപോലെ വലിയ ശബ്ദവും കൂട്ടനിലവിളികളും...’’ ഭുവനേശ്വറിലെ താല്കാലിക ആശുപത്രിയില്‍നിന്ന് അപകടത്തിന്റെ നടുക്കുന്ന അനുഭവം ഫോണിലൂടെ ദീപികയുമായി പങ്കിടുമ്പോള്‍ തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണിന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു.
കൂടെയുണ്ടായിരുന്ന മൂന്നുപേരടക്കം എല്ലാവരും ദുരന്തത്തിൽനിന്നു ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിന്റെ വേദന കുറഞ്ഞിട്ടില്ല.
""മൃതദേഹങ്ങളുടെ നടുവിലായിരുന്നു ഞങ്ങള്‍. ട്രെയിന്‍ അപകടമെന്നൊക്കെ പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും അതില്‍ പെട്ടപ്പോഴാണ് തീവ്രതയും ഭീകരതയും മനസിലാക്കിയത്''- കാറളം സ്വദേശി വിജീഷ് പറഞ്ഞു.
സ്ലീപ്പര്‍ ട്രെയിനിന്റെ കോച്ചില്‍ നില്ക്കുകയായിരുന്നതിലാണു തലനാരിഴയ്ക്കു രക്ഷപ്പെട്ടതെന്ന് അപകടത്തില്‍ പരിക്കേറ്റ കാരമുക്ക് സ്വദേശി രഘു പറഞ്ഞു. ""രണ്ടുവട്ടം ട്രെയിന്‍ ഇടത്തേക്കു മറിഞ്ഞു. ഒപ്പം യാത്ര ചെയ്ത ആളുകളില്‍ പലരും മരിച്ചു. നില്ക്കുകയായിരുന്നതുകൊണ്ടുമാത്രമാണു ഞങ്ങള്‍ രക്ഷപ്പെട്ടത്.
അപകടത്തിനുശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണു പുറത്തേക്കിറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. ഞങ്ങളില്‍ ഒരാളുടെ പല്ലുപോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിനുശേഷം ട്രാക്കിനടുത്തുള്ള ഒരു വീട്ടില്‍ ആദ്യം ചെന്ന് അഭയം തേടി. പിന്നീട് ആശുപത്രിയിലെത്തി’’ - വൈശാഖ് ഓര്‍മിച്ചു.
കോല്‍ക്കത്തയില്‍നിന്നു കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്കു വരികയായിരുന്നു ഇവർ. ഒരു ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കാണു കോല്‍ക്കത്തയില്‍ പോയത്. നാലുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. തൃശൂരില്‍നിന്ന് എട്ടു പേരാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോല്‍ക്കത്തയിലേക്കു പോയിരുന്നത്. ഇതില്‍ കരാറുകാരന് ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം തിരികെയെത്തിയിരുന്നു.
അന്തിക്കാട്ട് ഭീതി പരത്തിയ ദുരന്തവാർത്ത
ട്രെയിന്‍ അപകട വാര്‍ത്ത അന്തിക്കാട്ടേക്ക് കരാറുകാരനായ രതീഷിനെ ആദ്യം വിളിച്ചുപറഞ്ഞത് വൈശാഖായിരുന്നു. കൂടെയുള്ള മൂന്നുപേരെയും കാണാനില്ലെന്നും തനിക്കുചുറ്റും മൃതദേഹങ്ങള്‍ കൂടിക്കിടക്കുകയാണെന്നും പറഞ്ഞ് പരിഭ്രമത്തോടെയും വേദനയോടെയുമാണു വൈശാഖ് നാട്ടിലേക്കു വിവരം നല്‍കിയത്. അപ്പോഴേക്കും ഒഡീഷ ട്രെയിന്‍ അപകടവാര്‍ത്തകളും നിരവധി പേര് മരിച്ചെന്ന ഫ്ളാഷ് ന്യൂസും ടിവിയില്‍ വന്നതോടെ നാട്ടിലാകെ ഭീതി പരന്നു.
വൈശാഖിനെ തിരിച്ചു ബന്ധപ്പെട്ടപ്പോഴും മറ്റു മൂന്നുപേരെക്കുറിച്ച് വിവരമില്ലെന്നായിരുന്നു മറുപടി. എന്തു ചെയ്യണമെന്നും ആരെ ബന്ധപ്പെട്ടാല്‍ വിവരമറിയുമെന്നുമറിയാതെ വിഷമിച്ചിരിക്കുന്നതിനിടെ മറ്റു മൂന്നുപേരും രതീഷിനെ നാട്ടിലേക്കു വിളിച്ചു.
തങ്ങള്‍ക്കു കുഴപ്പങ്ങളില്ലെന്നും കാര്യമായ പരിക്കില്ലെന്നും എന്നാല്‍ വൈശാഖിനെ കാണാനില്ലെന്നും മൂവര്‍സംഘം പറഞ്ഞു. വൈശാഖിനും കുഴപ്പമില്ലെന്നു നാട്ടിലുള്ളവര്‍ പറഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകളും ഭീതികളുമൊഴിഞ്ഞു.
നാട്ടിലേക്ക് ഇവരെ എത്രയും പെട്ടെന്ന് എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.