മന്ത്രി കെ. രാധാകൃഷ്ണന്റെ വീട് മോടി പിടിപ്പിക്കാൻ 50 ലക്ഷം
Sunday, June 4, 2023 12:17 AM IST
തിരുവന്തപുരം: കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി സംസ്ഥാനത്തെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നു ധനമന്ത്രി അടക്കമുള്ളവർ ആവർത്തിക്കുന്പോഴും മന്ത്രി കെ. രാധാകൃഷ്ണന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാനായി 50 ലക്ഷം രൂപ അനുവദിച്ചു.
പട്ടികജാതി-വർഗ വികസന, ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്റെ ക്ലിഫ് ഹൗസ് വളപ്പിലെ എസൻഡീൻ ബംഗ്ലാവ് പുതുക്കിപ്പണിയാൻ 49.8 ലക്ഷം അനുവദിച്ചു പൊതുമരാമത്തു വകുപ്പ് ഉത്തരവിറക്കി.
നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്പോൾ തുക ഇനിയും ഉയരുമെന്നാണ് പൊതുമരാമത്ത് ഉന്നതർ നൽകുന്ന സൂചന. സാന്പത്തിക പ്രതിസന്ധിക്കിടയിൽ മന്ത്രിമന്ദിരത്തിന് 50 ലക്ഷം അനുവദിച്ചത് വിവാദമാകുമെന്ന പേടിയെത്തുടർന്ന് ഉത്തരവിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ പേര് സൂചിപ്പിച്ചില്ല. ഏപ്രിൽ 18നു ധന മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി കെ. രാധാകൃഷ്ണന്റെ വസതി മോടി പിടിപ്പിക്കാൻ അനുമതി നൽകിയിരുന്നു.
മേൽക്കൂരയുടേത് അടക്കമുള്ള അറ്റകുറ്റപ്പണികൾക്കും മറ്റുമായി 50 ലക്ഷം രൂപ വേണ്ടിവരുമെന്നു പൊതുമരാമത്തു വകുപ്പു കണക്കാക്കിയിട്ടുള്ളത്. എന്നാൽ, എന്തൊക്കെ അറ്റകുറ്റപ്പണികളും മോടി പിടിപ്പിക്കലുമാണ് നടത്തേണ്ടതെന്ന് ഉത്തരവിൽ വിശദമായി പറയുന്നില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാനായി ഖജനാവിൽ നിന്ന് കോടികളാണു ചെലവഴിച്ചത്. 42.90 ലക്ഷത്തിന്റെ കാലിത്തൊഴുത്ത്, 25.50 ലക്ഷം രൂപയുടെ ലിഫ്റ്റ്, 32 ലക്ഷം രൂപക്ക് നീന്തൽക്കുളം, ഒരു കോടി രൂപക്ക് ക്ലിഫ് ഹൗസിലെ ഉദ്യോഗസ്ഥരുടെ താമസ സ്ഥലം മോടി പിടിപ്പിക്കൽ ഇങ്ങനെ നിരവധി പ്രവൃത്തികളാണ് ക്ലിഫ് ഹൗസിൽ നടന്നത്.