കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ചു; സഹോദരന് ഒളിവില്‍
Sunday, June 4, 2023 12:17 AM IST
പൈവളിഗെ(കാസര്‍ഗോഡ്): കൊലക്കേസ് പ്രതിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൈവളിഗെ കളായിലെ പരേതനായ നാരായണ നോണ്ട- ബേബി ദന്പതികളുടെ മകന് പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സഹോദരന് ജയരാമ നോണ്ട(45) ഒളിവിലാണ്.
മൂത്ത ജ്യേഷ്ഠനായ ബാലകൃഷ്ണയെ വര്‍ഷങ്ങള്‍ക്കു മുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയരാമയും പ്രഭാകരയും പ്രതികളായിരുന്നു. അമ്മയുടെ പേരില്‍ കര്‍ണാടക പുത്തൂരിലുണ്ടായിരുന്ന രണ്ടേക്കര്‍ കമുകിന്‍തോട്ടം കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. ജയരാമ മാത്രമാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ബായിക്കട്ടയിലെ ആസിഫിനെ കര്‍ണാടക കന്യാനയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട.
കളായിലെ വിറകുപുരയ്ക്കു മുകളിലായി സ്ഥാപിച്ച പലകപ്പുറത്താണു പ്രഭാകര കിടന്നുറങ്ങാറുള്ളത്. ഇന്നലെ രാവിലെ ഏഴരയായിട്ടും ഇയാള്‍ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് അമ്മ ബേബി വാതില്‍ തുറന്ന് നോക്കിയപ്പോഴാണു താഴെ രക്തക്കറ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുകളിലെ പലകപ്പുറത്ത് പ്രഭാകരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ബേബി ഉടന്‍ തന്നെ അയല്‍വാസികളെ വിവരമറിയിക്കുകയും അവര്‍ മഞ്ചേശ്വരം പോലീസിനെ വിളിച്ചറിയിക്കുകയുമായിരുന്നു.കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ജയരാമയെ കണ്ടെത്തുന്നതിനായി കാസര്‍ഗോഡ് ഡിവൈഎസ്പി പി.കെ.സുധാകരൻ, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ പി.പി.രാജേഷ്, എസ്ഐ എൻ.അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.