ഇ പോസ് തകരാർ: റേഷൻ വിതരണം നിർത്തിവച്ചു
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നലെ നിർത്തിവച്ചു. ബില്ല് തയാറാക്കുന്നതിനു തടസം വന്നതിനാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ റേഷൻ വിതരണം നിർത്തിവയ്ക്കാൻ മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകുകയായിരുന്നു. ഇന്നു റേഷൻ വിതരണം പുനഃസ്ഥാപിക്കും.
സൗജന്യ റേഷൻ വാങ്ങുന്നവർക്കായി പ്രത്യേക ബിൽ നൽകണമെന്ന് കേന്ദ്ര സർക്കാർ നേരത്തേ നിർദേശിച്ചിരുന്നു. ഇതിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങളിലാണ് തടസം നേരിട്ടത്. കേരള പിഡിഎസ് ആപ്ലിക്കേഷൻ 2.3 വേർഷനിൽ നിന്ന് 2.4 വേർഷനിലേക്കുള്ള മാറ്റമാണ് ഇന്നലെ സാങ്കേതിക തകരാറിനിടയാക്കിയത്. പുതിയ പതിപ്പ് വ്യാപാരികൾ തന്നെ അപ്ഡേറ്റ് ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് നിർദേശിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പരിശ്രമിച്ചിട്ടും മിക്കയിടത്തും അപ്ഡേറ്റ് ചെയ്യാനായില്ല.
ഇന്നു മുതൽ: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനത്തിനുള്ള സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായതായും ഇന്നു മുതൽ റേഷൻ കടകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് നെൽക്കതിരും ഇലകളും ചേർന്ന ലോഗോയുടെ ഗരീബ് കല്യാൺ അന്നയോജന എന്ന് രേഖപ്പെടുത്തിയാണ് കേന്ദ്രബിൽ നൽകുന്നത്. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള കാർഡുടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉൾപ്പെടുന്ന ബില്ല് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.