എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷിക്കാരുടെ നിയമനകാര്യത്തിൽ മുൻഗണനാക്രമം പാലിക്കുന്നതിൽ അപാകത
Saturday, June 3, 2023 1:52 AM IST
കണ്ണൂർ: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരുടെ നിയമനകാര്യത്തിൽ മുൻഗണനാക്രമം പാലിക്കുന്നതിൽ അപാകത. ഇപ്പോൾ നിയമനകാര്യത്തിൽ നിലവിലെ മുൻഗണനാക്രമം ഉത്തരവു പ്രകാരം കാഴ്ച വൈകല്യമുള്ളവർക്കു മാത്രമാണു നിയമനം ലഭിക്കുന്നത്.
എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെല്ലാം പ്രസ്തുത മുൻഗണനാക്രമം പാലിക്കുമ്പോൾ മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്ക് അവസരം ലഭിക്കുന്നില്ലെന്നാണു പരാതി. ഒരു സ്കൂളിൽ പരമാവധി ഒന്നോ രണ്ടോ ഒഴിവുകളാണ് ഉണ്ടാകുന്നത്. ഇവയെല്ലാം കാഴ്ചവൈകല്യങ്ങളിലേക്കും ശ്രവണവൈകല്യങ്ങളിലേക്കും മാത്രമായി പോകുന്നു.
മൂന്നാമത്തെയും നാലാമത്തെയും മുൻഗണനാ ക്രമത്തിൽ വരുന്നവർക്ക് അവസരം ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിലവിലെ രീതിയിൽ മാറ്റം വരുത്തി ഒരു റൊട്ടേഷൻ സംവിധാനം കൊണ്ടുവന്നാലെ ഇവർക്കും നിയമനം ലഭിക്കുകയുള്ളൂ. പിഎസ്സി വഴിയുള്ള നിയമനങ്ങൾക്കു റൊട്ടേഷൻ സംവിധാനം നിലവിലുണ്ട്.
നിലവിലെ രീതിയിൽ മാറ്റം വരുത്തി ഒരു സ്കൂളിനെ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വേർതിരിവില്ലാതെ മുൻഗണനാ ക്രമം പാലിക്കപ്പെട്ടാൽ പ്രശ്നം അവസാനിക്കും. നിയമനങ്ങൾ നടക്കുന്ന സമയമാണിത്. അതിനാൽ, എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.