അരിക്കൊന്പൻ വീണ്ടും വനമേഖലയിൽ
Friday, June 2, 2023 1:07 AM IST
കുമിളി: അരിക്കൊന്പൻ തമിഴ്നാട്ടിലെ വനമേഖലയിൽ. കഴിഞ്ഞ ദിവസങ്ങളിൽ കന്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് നിലയുറപ്പിച്ചിരുന്ന ആന ഇന്നലെയാണ് വനമേഖലയിലേക്കു പ്രവേശിച്ചത്.
പൂശാനംപെട്ടി പെരുമാൾ കോവിലിന് സമീപത്തെ വനത്തിലാണ് നിലവിലുള്ളത്. ഇവിടെനിന്നു രണ്ടു കിലോമീറ്റർ അകലെ ജനവാസ മേഖലയാണ്. എന്നാൽ ജനവാസ മേഖലയിലേക്ക് ഉടൻ എത്താനുള്ള സാധ്യത കുറവാണെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ നിഗമനം.
അതേ സമയം ആന ഇനി ജനവാസ മേഖലയിലെത്തിയാൽ മയക്കുവെടി വയ്ക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ആന മേഘമലയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരും കുങ്കിയാനകളും ഏതാനും ദിവസം കൂടി കന്പത്ത് തുടർന്നേക്കും. ആനയുടെ ആക്രമണത്തിൽ കന്പത്ത് ഒരാൾ മരിച്ചതിനാൽ ഏറെ ജാഗ്രതയിലാണ് ഭരണകൂടവും.
ആന ജനവാസ മേഖലയിൽ എത്തി ഇനിയും കൂടുതൽ നാശനഷ്ടമുണ്ടാക്കിയാൽ ജനരോഷം ഉയരാനുള്ള സാധ്യത മുൻനിർത്തി കർശന നിരീക്ഷണമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.