കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കൽ: കണക്ക് വേണമെന്ന് കേന്ദ്രത്തോട് ഉന്നതതലയോഗം
Wednesday, May 31, 2023 1:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി സംബന്ധിച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ച കണക്ക് ആധികാരികമാണോയെന്നു പരിശോധിക്കാൻ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
കേന്ദ്രമന്ത്രിയുടെ കണക്കിൽ വസ്തുതയുണ്ടോയെന്നു പരിശോധിക്കണം. കേന്ദ്ര ധനമന്ത്രാലയത്തോട് ഇക്കാര്യങ്ങൾ ഒൗദ്യോഗിക തലത്തിൽ തന്നെ അന്വേഷിക്കണം. ഇക്കാര്യത്തിൽ ലഭിക്കുന്ന മറുപടിയും വിവരങ്ങളും അപ്പപ്പോൾ തന്നെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കേരളത്തിന്റെ കടമെടുപ്പു പരിധി കേന്ദ്രം കുറച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതിനു പിന്നാലെ ഇന്നലെ രാവിലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കേന്ദ്ര സർക്കാരിന്റെ കത്ത് യോഗത്തിൽ വായിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനു കൃത്യമായ കണക്കു നൽകണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. എന്തുകൊണ്ട ാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്നു വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിക്ക് അനുസരിച്ചു വായ്പയെടുക്കാൻ അനുമതി നൽകണം. ഇതു സംബന്ധിച്ച ഒരു കണക്കും കേരളത്തിനു ലഭിച്ചിട്ടില്ല. വിശദ കണക്കു വേണമെന്ന കാര്യത്തിൽ കേരളം വിട്ടുവീഴ്ചയ്ക്കില്ലെന്നും യോഗം ആവശ്യപ്പെട്ടു.
വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തിനെതിരേ കേരളം പരസ്യമായ പടയൊരുക്കത്തിന് തയാറെടുക്കുന്നതിന്റെ സൂചന കൂടിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിന്റെ പേരിൽ കേന്ദ്രത്തോട് കണക്ക് ആവശ്യപ്പെടാൻ മുൻകാലങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു തീരുമാനിച്ചതായി സൂചനയില്ല. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷമാകും സംസ്ഥാനം സ്വീകരിക്കുന്ന തുടർ നടപടിയിൽ തീരുമാനമെടുക്കുകയുള്ളു.
ഉന്നതതലയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ധന അഡീഷണൽ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിന്റെ വിശദാംശം തേടുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നേരത്തെയും ധന ഉന്നത ഉദ്യോഗസ്ഥർ കേന്ദ്രത്തോട് അനൗപചാരികമായി വിശദീകരണം തേടിയിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി.മുരളീധരൻ സംസ്ഥാനത്തിന് എതിരേ രംഗത്ത് എത്തിയത്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ കടമെടുപ്പുമായി ബന്ധപ്പെട്ടു ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം രൂക്ഷമായതായാണ് ഉന്നതതല വിലയിരുത്തൽ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ധന അഡീഷണൽ ചീഫ് സെക്രട്ടറി, ധന വിനിയോഗ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
മാർച്ചിൽ അറിയിച്ചത് 32,442 കോടി: ധനമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചത് ഈ സാന്പത്തിക വർഷം 32,442 കോടി രൂപ കടമെടുക്കാൻ കഴിയുമെന്നാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിശദ കണക്കുകളും ഇതോടൊപ്പം റിപ്പോർട്ടായി ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം കേരളത്തിന് കടമെടുക്കാനുള്ള പരിധി 15,390 കോടി രൂപമാത്രമാണെന്നും നടപ്പു സാന്പത്തിക വർഷം 2,000 കോടി രൂപ കടമെടുത്ത സാഹചര്യത്തിൽ ഇനി ബാക്കിയുള്ള 13,390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയൂ എന്നുമാണ് കേന്ദ്രത്തിന്റെ മേയ് 26 ലെ കത്തിൽ വ്യക്തമാക്കിയിരുന്നതെന്നു ധനമന്ത്രി പറഞ്ഞു.