മക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു ഗൃഹനാഥൻമാർ മുങ്ങിമരിച്ചു
Wednesday, May 31, 2023 1:30 AM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ മക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു ഗൃഹനാഥൻമാർ മുങ്ങിമരിച്ചു. ഇടുക്കി മൂലമറ്റത്തിനു സമീപമുള്ള ത്രിവേണി സംഗമത്തിൽ ഇന്നലെ രാവിലെയാണ് ദുരന്തം ഉണ്ടായത്. മൂലമറ്റം എകെജി കോളനിയിൽ സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (56), എറണാകുളം ഐടി മാർക്കറ്റിംഗ് ജീവനക്കാരൻ മൂലമറ്റം സജി ഭവനിൽ കെ.എസ്. ബിജു (54) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായിരുന്ന ബിജുവും സന്തോഷും എറണാകുളത്തെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത്. അവധി കിട്ടുന്പോൾ നാട്ടിലെത്തുന്ന ഇരുവരും ഒരുമിച്ച് കൂടുന്നത് പതിവായിരുന്നു.
എറണാകുളത്തേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ബിജുവും മക്കളായ പ്ലസ് വണ് വിദ്യാർഥി സച്ചിനും ആറാം ക്ലാസ് വിദ്യാർഥി സഞ്ചുവും, സന്തോഷും മകൻ അഭിഷേകും(9) ത്രിവേണി സംഗമത്തിൽ കുളിക്കാനെത്തിയത്. ഇവിടെ കുളിക്കുന്നതിനിടെ കുട്ടികൾ മൂന്നു പേരും ഒഴുക്കിൽപ്പെട്ട് വലിയാറിനോടു ചേർന്നുള്ള വിയർ കെട്ട് ഭാഗത്തേക്ക് പോയി. സമീപ ദിവസങ്ങളിൽ പവർഹൗസിലെ ആറു ജനറേറ്ററുകളിൽ അഞ്ചു ജനറേറ്ററും പ്രവർത്തിപ്പിച്ചിരുന്നതിനാൽ വലിയ കുത്തൊഴുക്കായിരുന്നു പുഴയിൽ ഉണ്ടായിരുന്നത്.
അയൽവാസികളായ അനൂപ് ആന്റണിയും ഷാജി ജോസഫും ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. പിന്നീട് സന്തോഷിനെയും ബിജുവിനെയും വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് രണ്ടിന് വിട്ടുവളപ്പിൽ.
സന്തോഷിന്റെ ഭാര്യ: ആശ. മക്കൾ: അഭിഷേക്, ദേവപ്രിയ. ബിജുവിന്റെ ഭാര്യ: ജിസ. മക്കൾ: സച്ചിൻ,സഞ്ചു.