ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതി
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം പൂർണമായി ഇല്ലാതാക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അവരെ സജ്ജരാക്കുന്നതിനും സ്കൂൾ വിദ്യാർഥികൾക്കായി എസ്സിഇആർടിയുടെ സഹായത്തോടെ പ്രത്യേക പാഠ്യപദ്ധതി തയാറാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ബോധവത്കരണം നൽകുന്നതിനുള്ള പഠനപ്രവർത്തന മൊഡ്യൂൾ ആണ് എസ്സിഇആർടി തയാറാക്കുക. തുടർന്ന് എക്സൈസ് വകുപ്പിന്റെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപർക്കും കുട്ടികൾക്കും പരിശീലനം നൽകും.
ആദ്യഘട്ടമായി തെരഞ്ഞെടുത്ത അധ്യാപകരെ ഉൾപ്പെടുത്തിയാണ് പരിശീലനം. എക്സൈസ്, പോലീസ്, വനിതാ-ശിശുവികസനം, സാമൂഹ്യനീതി, ആരോഗ്യം, വിമുക്തി മിഷൻ എന്നിവരുടെ സഹകരണത്തോടെയാകും തുടർ പ്രവർത്തനം.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി പൊതുവിദ്യാലയങ്ങൾക്ക് 75 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.