അഴിച്ചുപണിയും; മൂന്നു ഡിജിപിമാരടക്കമുള്ളവർ 31ന് വിരമിക്കുന്നു
സ്വന്തം ലേഖകൻ
Monday, May 29, 2023 1:25 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ മൂന്നു ഡിജിപിമാർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ 31നു സർവീസിൽനിന്നു വിരമിക്കുന്നു. കേരള കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) മേധാവിയുമായ അരുണ്‍കുമാർ സിൻഹ, സംസ്ഥാന ഫയർ ആൻഡ് റസ്ക്യു വിഭാഗം മേധാവി ഡോ. ബി. സന്ധ്യ, എക്സൈസ് കമ്മീഷണർ എസ്. അനന്തകൃഷ്ണൻ എന്നിവരാണ് ഈ മാസം വിരമിക്കുന്ന ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥർ.
മുതിർന്ന ഉദ്യോഗസ്ഥർ വിരമിക്കുന്നതോടെ പോലീസ് തലപ്പത്ത് അഴിച്ചുപണി വരും. ഫയർഫോഴ്സ് മേധാവിയെയും എക്സൈസ് കമ്മീഷണറെയും അടക്കം നിയമിക്കേണ്ടതുണ്ട്. ഡിജിപി, എഡിജിപി പദവിയിലുള്ളവരാണ് ഈ സ്ഥാനങ്ങൾ വഹിച്ചു വന്നത്.
മൂന്നു ഡിജിപിമാർ വിരമിക്കുന്പോൾ, എഡിജിപി പദവിയിലുള്ള മൂന്നു പേർക്കു സ്ഥാനക്കയറ്റം ലഭിക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിഥിൻ അഗർവാൾ, പോലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേക് ദർബേഷ് സാഹിബ് എന്നിവർക്കാണ് സ്ഥാനക്കയറ്റത്തിനു സാധ്യത. എഡിജിപിമാരുടെ ഒഴിവിന് ആനുപാതികമായി ഐജി, ഡിഐജി റാങ്കിലുള്ളവർക്കും സ്ഥാനക്കയറ്റം ലഭിക്കും. അടുത്ത മന്ത്രിസഭായോഗത്തിൽ സ്ഥാനക്കയറ്റ കാര്യത്തിൽ ധാരണയുണ്ടായേക്കും.
സംസ്ഥാനത്തെ ഐപിഎസ് സീനിയോരിറ്റിയിൽ മുതിർന്ന ഉദ്യോഗസ്ഥനായ അരുണ്‍കുമാർ സിൻഹ, കേന്ദ്ര ഡെപ്യൂട്ടേഷനിൽ എസ്പിജി മേധാവിയായി പോയിരുന്നു. കഴിഞ്ഞ തവണ അനിൽ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും അരുണ്‍കുമാർ സിൻഹ കേരളത്തിൽ മടങ്ങിയെത്താൻ താത്പര്യം കാണിച്ചിരുന്നില്ല.
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ബി. സന്ധ്യ, നേരത്തേ സംസ്ഥാന പോലീസ് മേധാവിയാകുമെന്നു കരുതിയെങ്കിലും സർക്കാർ പരിഗണിച്ചില്ല. പോലീസ് സേനയിലെ മാന്യനായ ഉദ്യോഗസ്ഥനായി അറിയിപ്പെടുന്ന ഡിജിപി പദവിയിലുള്ള അനന്തകൃഷ്ണൻ, നിലവിൽ എക്സൈസ് കമ്മീഷണറാണ്.
എസ്പി റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥരും ഈ മാസം വിരമിക്കുന്നുണ്ട്. തിരുവനന്തപുരം ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ കെ. ലാൽജി, കെഎപി ഒന്നാം ബറ്റാലിയൻ കമൻഡാന്റ് കെ.എൻ. അരവിന്ദൻ, വനിതാ കമ്മീഷൻ എസ്പി പി.ബി. രാജീവ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്പി ടി. രാമചന്ദ്രൻ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി കെ.വി. വിജയൻ, സ്റ്റേറ്റ് ക്രൈം റിക്കാഡ്സ് ബ്യൂറോ എസ്പി ജെ. കിഷോർ കുമാർ, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ.എം. ജിജിമോൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്പി പ്രിൻസ് ഏബ്രഹാം, മറൈൻ എൻഫോഴ്സ്മെന്റ് എസ്പി ബാസ്റ്റിൻ സാബു എന്നിവരാണ് ഈ മാസം വിരമിക്കുന്ന മറ്റ് ഉദ്യോഗസ്ഥർ.
നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി ജൂണ്‍ 30നു കഴിയും. സർവീസിൽനിന്നു വിരമിച്ച ശേഷം ഇദ്ദേഹത്തിന്റെ കാലാവധി സർക്കാർ നീട്ടി നൽകിയിരുന്നു. ഈ കാലാവധിയാണ് ഇപ്പോൾ അവസാനിക്കുന്നത്.