വില്ലേജ് ഓഫീസ് പരിശോധന: 41 പരിശോധനാ റിപ്പോർട്ടുകൾ ലാൻഡ് റവന്യു കമ്മീഷണർക്കു കൈമാറി
Monday, May 29, 2023 1:25 AM IST
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട 41 റിപ്പോർട്ടുകൾ ലാൻഡ് റവന്യു കമ്മീഷണർക്കു കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി 71 ഇടങ്ങളിലായിരുന്നു പരിശോധന. പരിശോധനകളിൽ ഫയലുകൾ വച്ചുതാമസിപ്പിക്കുന്നതും കൃത്യനിർവഹണത്തിലെ പിഴവുകളുമാണു കണ്ടെത്തിയത്.
ലാൻഡ് റവന്യൂ കമ്മീഷണർ അന്വേഷണറിപ്പോർട്ടുകളുടെ സൂക്ഷ്മ പരിശോധന നടത്തിയശേഷം വകുപ്പ് മന്ത്രിക്ക് വിശദമായ റിപ്പോർട്ട് നൽകും. ഇതിന്റെകൂടി അടിസ്ഥാനത്തിൽ റവന്യു ഓഫീസുകളെ അഴിമതിവിമുക്തമാക്കാനുള്ള നടപടികളെക്കുറിച്ച് സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.
ജില്ലാ കളക്ടറും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെട്ട സംഘമാണ് തിരുവനന്തപുരം ജില്ലയിൽ പരിശോധന നടത്തിയത്. മറ്റിടങ്ങളിൽ കളക്ടർമാരുടെയും 11 ഡെപ്യൂട്ടി കളക്ടർമാരുടെയും മൂന്ന് സീനിയർ സൂപ്രണ്ടുമാരുടെയും നേതൃത്വത്തിൽ 14 ടീമുകളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരാനാണു നിർദേശിച്ചിട്ടുള്ളത്. കൂടാതെ മാസംതോറുമുള്ള ഓഡിറ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.