നെല്ല് സംഭരണം: കേരള ബാങ്ക് തെറ്റിദ്ധരിപ്പിക്കുന്നതായി സപ്ലൈകോ സിഎംഡി
Monday, May 29, 2023 12:17 AM IST
കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു കേരള ബാങ്ക് മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയ്ക്കെതിരേ സപ്ലൈകോ. പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് സപ്ലൈകോ സിഎംഡി പത്രക്കുറിപ്പില്‍ പറഞ്ഞു.
പിആര്‍എസ് വായ്പാപദ്ധതി സുഗമമായി നടക്കുമ്പോള്‍ കേരള ബാങ്കിനെ ഒഴിവാക്കാൻ ബോധപൂര്‍വം സപ്ലൈകോ ശ്രമിച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. വിവിധ 11 ബാങ്കുകളുടെ സഹകരണത്തോടെയാണു പിആര്‍എസ് വായ്പാപദ്ധതി സപ്ലൈകോ നടത്തുന്നത്. അതില്‍ ഒന്നു മാത്രമാണ് കേരള ബാങ്ക്.
എന്നാല്‍ പൂര്‍ണമായും കേരള ബാങ്ക് മുഖേന മാത്രമാണു കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പ നല്‍കിയിരുന്നത് എന്ന ധ്വനിയാണു ബാങ്കിന്റെ പ്രസ്താവനയിലുള്ളതെന്ന് സിഎംഡി കുറ്റപ്പെടുത്തി. എസ്ബിഐ അടക്കമുള്ള ബാങ്കിംഗ് കണ്‍സോര്‍ഷ്യം 6.9 ശതമാനം നിരക്കില്‍ വായ്പ നല്‍കാമെന്നു സമ്മതിച്ചപ്പോഴും അതേ പലിശനിരക്ക് അംഗീകരിക്കാന്‍ കേരള ബാങ്ക് തയാറായിരുന്നില്ല. സപ്ലൈകോ കര്‍ഷകരുടെ ലിസ്റ്റ് നല്‍കിയില്ലെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് സിഎംഡി വ്യക്തമാക്കി.