കാട്ടുപന്നിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
Sunday, May 28, 2023 3:00 AM IST
വടക്കാഞ്ചേരി: വരവൂർ തളിയിൽ കാട്ടുപന്നിയുടെ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു. തെക്കുംകര കരുമത്ര മീത്തിലാത്ത് വീട്ടിൽ ശങ്കുണ്ണിനായരുടെ മകൻ കെ. രാജീവൻ (60) ആണു മരിച്ചത്.
വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു. ഇപ്പോൾ വരവൂർ തളിയിലാണു താമസം. ഇന്നലെ വൈകുന്നേരം വീട്ടുപറന്പിലെ തേങ്ങ പെറുക്കിയെടുക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ചു മറിച്ചിട്ടശേഷം ദേഹത്ത് നിരവധി തവണ കുത്തുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രാജീവനെ ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന്. ഭാര്യ: രാധാമണി. മകൻ: രോഹിത്ത്.