വ്യാപാരിയുടെ കൊലപാതകം : ട്രോളി ബാഗുകളും ഇലക്ട്രിക് കട്ടറും കോഴിക്കോട്ടുനിന്നു വാങ്ങി
Sunday, May 28, 2023 2:58 AM IST
കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖ് മരിച്ചതോടെ പ്രതികൾ കോഴിക്കോട് മാനാഞ്ചിറയിൽ പോയി ഒരു ട്രോളിബാഗ് വാങ്ങി. എന്നാൽ ഒറ്റ ബാഗിൽ മൃതദേഹം കയറില്ലെന്നു മനസിലായപ്പോൾ പിറ്റേന്ന് കോഴിക്കോട്ടുനിന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. തുടർന്നു മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. നേരത്തെ വാങ്ങിയ കടയിൽ നിന്നുതന്നെ വീണ്ടുമൊരു ട്രോളിബാഗുകൂടി വാങ്ങി. തുടർന്നു കൊലപ്പെടുത്തിയ ജി- 4 മുറിയുടെ ബാത്ത്റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.
ബാഗുകളിലാക്കിയ മൃതദേഹാവശിഷ്ടങ്ങൾ കാറിൽ കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവുനശിപ്പിക്കാനായി ഇവർ ഉപേക്ഷിച്ചു.
ഇതിനിടെ സിദ്ദിഖിനെ കാണാതായ മേയ് 18നുതന്നെ ഇദ്ദേഹത്തിന്റെ ഫോണ് സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാവുകയും പിന്നാലെ അക്കൗണ്ടിൽനിന്നു എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം 22നു തിരൂർ പോലീസിൽ പരാതി നൽകി. സിദ്ദിഖിന്റെ മകന്റെ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്.
ഹോട്ടലിൽ വിശ്വസ്തനായി നിന്നു ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്വേഡ് മനസിലാക്കിയിരുന്നു. ഇങ്ങനെയാണു പണം പിൻവലിച്ചത്. ഇതിനിടെ കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദിഖ് മുറിയെടുത്തെന്ന വിവരം ലഭിച്ച തിരൂർ പോലീസ് അന്വേഷണം ഷിബിലിയെ കേന്ദ്രീകരിച്ചാണു മുന്നോട്ടുകൊണ്ടുപോയത്.
ഇതോടെ കുടുങ്ങുമെന്നു മനസിലായ ഷിബിലിയും ഫർഹാനയും ട്രെയിൻ മാർഗം 24-ന് പുലർച്ചെ ചെന്നൈയിലേക്കു കടന്നു. വൈകുന്നേരം ചെന്നൈയിലെത്തി. അവിടെനിന്ന് ആസാമിലേക്കു പോകാൻ ശ്രമിക്കവേയായിരുന്നു അറസ്റ്റ്.
ആഷിഖാണ് അട്ടപ്പാടിയിൽ മൃതദേഹം തള്ളാനുള്ള പദ്ധതി പറഞ്ഞത്. ചുരത്തിന്റെ ഏറ്റവും മുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഇവർ സഞ്ചരിച്ച കാർ ചെറുതുരുത്തിയിൽനിന്നു കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ അന്വേഷണ സംഘം പ്രതികളെ പെരിന്തൽമണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറം-പരിയാപുരം റോഡിൽ ചീരട്ടാമലയിലെത്തിച്ചു തെളിവെടുപ്പു നടത്തി.
കൊലപാതകത്തിനു ശേഷം ഉപേക്ഷിച്ചുവെന്നു പറയുന്ന ഈ സ്ഥലത്തുനിന്നു ശരീരഭാഗങ്ങൾ മുറിക്കാൻ ഉപയോഗിച്ച കട്ടറും ചെറിയ കത്തിയും തുണിയും ചുറ്റികയും ചെരിപ്പും രണ്ട് എടിഎം കാർഡും കണ്ടെടുത്തു. ശേഷം മലപ്പുറത്തുനിന്നുള്ള ഫോറൻസിക് ഉദ്യോഗസ്ഥർ സാന്പിളുകൾ ശേഖരിച്ചു. മലപ്പുറം എസ്പി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
വരും ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ തെളിവെടുപ്പുകൾ നടത്തുമെന്നു എസ്പി അറിയിച്ചു.