വണ്ടാനത്തും: മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ തീപിടിത്തം
Sunday, May 28, 2023 2:58 AM IST
അമ്പലപ്പുഴ: വണ്ടാനത്തു പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിലും തീപിടിത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചു പൂർണമായി കത്തിനശിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റ് അരമണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തെത്തുടർന്നു പ്രധാന മരുന്നുസംഭരണ കേന്ദ്രത്തിന്റെ ഒൻപത് എയർ കണ്ടീഷനുകളും കത്തിനശിച്ചു. ഈ കെട്ടിടത്തിന്റെ മുകൾ ഭാഗം വരെ തീ പടർന്നതിനാൽ മരുന്നുകളും നശിച്ചതായാണ് സൂചന.
രണ്ടു ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓഡിറ്റിംഗ് നടത്തിയിരുന്നു. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിനു കാരണം വ്യക്തമായിട്ടില്ല. രണ്ടു മുറികളിലായാണ് പൗഡർ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത മരുന്നു ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല.
രാവിലെ പുന്നപ്ര പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്നു ഗോഡൗണുകൾക്കു തീപിടിച്ചിരുന്നു.
സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരേ രംഗത്തു വരികയും ചെയ്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെബ്സൈറ്റ് ഏറെ നേരം പ്രവർത്തനം നിലച്ചിരുന്നു. തൊട്ടടുത്ത ദിവസം വണ്ടാനത്തും തീ പിടിത്തമുണ്ടായതോടെ ദുരൂഹത വർധിക്കുകയാണ്.
മെഡിക്കൽ സർവീസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ഷിബുലാൽ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം, ഈ ബാച്ച് ബ്ലീച്ചിംഗ് പൗഡറിന്റെ പ്രശ്നമാണെന്നും ഇതു തിരിച്ചെടുക്കണമെന്നും കന്പനിയോടു സർക്കാർ നിർദേശിച്ചിട്ടുണ്ട്.