അശാസ്ത്രീയവും ഹാനികരവുമായ ആചാരങ്ങള് തടയണമെന്നു ഹൈക്കോടതി
Sunday, May 28, 2023 2:58 AM IST
കൊച്ചി: അശാസ്ത്രീയവും ഹാനികരവുമായ ആചാരങ്ങള് മതത്തിന്റെ പേരിലാണെങ്കില്പോലും തടയണമെന്നു ഹൈക്കോടതി.
എറണാകുളം പൂക്കാട്ടുപടി എടത്തലയിലെ ഭ്രമരാംബിക വിഷ്ണുമായസ്വാമി ദേവസ്ഥാനത്ത് പക്ഷികളെയും മൃഗങ്ങളെയും കൊന്നു പൂജ നടത്തുന്നെന്നാരോപിച്ചു പ്രദേശവാസിയായ പി.ടി. രവീന്ദ്രന് നല്കിയ ഹര്ജിയില് ജസ്റ്റീസ് വി.ജി. അരുണ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
എടത്തല സ്വദേശി ആനന്ദ് തന്റെ വീടിന്റെ മൂന്നാം നിലയില് അനധികൃതമായി ആരാധനാലയമുണ്ടാക്കി പൂജയും ബലിയും നടത്തുന്നെന്നും പക്ഷികളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങള് പൊതുവഴിയില് വലിച്ചെറിയുന്നെന്നും ഹര്ജിയില് പറയുന്നു.
മതത്തിന്റെ പേരിലുള്ള നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയിട്ടും പോലീസും റവന്യു അധികൃതരും നടപടിയെടുക്കാത്തത് അസ്വസ്ഥതയുളവാക്കുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. മതത്തിന്റെ പേരില് ഒരാള്ക്കും പ്രത്യേക പരിഗണന നല്കാന് കഴിയില്ല. ആരാധനാലയത്തിനെതിരേ നടപടിയെടുക്കുന്നതില് പഞ്ചായത്തിനു വീഴ്ച പറ്റിയെന്നും സിംഗിള് ബെഞ്ച് കുറ്റപ്പെടുത്തി.