റബർ കർഷകരുടെ അവസ്ഥ പരിതാപകരം: അശോക് ധാവ്ളെ
Saturday, May 27, 2023 1:05 AM IST
തിരുവനന്തപുരം: റബർ കർഷകരുടെ നിലവിലെ അവസ്ഥ പരിതാപകരമാണെന്ന് അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ.
300 രൂപ താങ്ങുവില പ്രഖ്യാപിച്ച് റബർ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2011ൽ റബറിനു കിലോയ്ക്ക് 216 രൂപയായിരുന്നു വില. ആ തുകയിൽ 11 കിലോ അരി അന്ന് വാങ്ങാമായിരുന്നു. എന്നാൽ റബറിനു ലഭിക്കുന്ന പരമാവധി വില 146 രൂപ മാത്രം. ഇതുകൊണ്ട് ഇന്ന് വാങ്ങാനാകുക വെറും രണ്ടര കിലോ അരി.
റബർ കർഷകരെ ഈ സാഹചര്യത്തിലേക്ക് തള്ളിവിട്ടത് മോദി സർക്കാരാണെന്നും ധവ്ളെ പറഞ്ഞു.
2014ൽ അധികാരത്തിലത്തിയപ്പോൾ ഉത്പ്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നൽകുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഒന്‍പത് വർഷം പിന്നിടുന്പോൾ രാജ്യത്ത് ഒരു കർഷകനുപോലും ഈ തുക ലഭിച്ചിട്ടില്ല. എംആർഎഫ്, സിയെറ്റ് പോലെയുള്ള കുത്തക ടയർ കന്പനികൾക്കും രാജ്യത്തെ മുതലാളിമാർക്കും സഹായമാകുന്ന റബർ ബിൽ ബിജെപി അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്.
റബർകൃഷി മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിച്ച് കേരളത്തിലെ കർഷകരെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പടുത്തി. റബർ കർഷകരുടെ ദുരിതത്തിൽ ഒന്നാംപ്രതി ബിജെപിയാണെങ്കിൽ രണ്ടാംപ്രതി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ നടന്ന രാജ്ഭവൻ മാർച്ചിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി ആയിരക്കണക്കിനു പേർ പങ്കെടുത്തു.