മൃതദേഹവുമായി പെൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ; ഏറ്റുവാങ്ങാതെ ബന്ധുക്കൾ
Saturday, May 27, 2023 1:05 AM IST
ഏറ്റുമാനൂർ: ഗൾഫിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു. മൃതദേഹവുമായി പെൺസുഹൃത്ത് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഏറ്റുമാനൂർ മാടപ്പാട് സ്വദേശി ജയകുമാർ സുകുമാരപിള്ള(41)യുടെ മൃതദേഹം ലിവിംഗ് ടുഗതർ പങ്കാളി ലക്ഷദ്വീപ് കവരത്തി സ്വദേശി സഫിയ എറണാകുളത്തേക്ക് കൊണ്ടുപോയി.
കഴിഞ്ഞ 19നാണ് ജയകുമാറിനെ യുഎഇയിൽ അജ്മാലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചു. ഇന്നലെ പുലർച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയ ഏറ്റുവാങ്ങി. സഫിയയാണ് ഏറ്റുമാനൂരിലെ ബന്ധുക്കളെ വിവരമറിയിച്ചത്.
എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചു. ഇതോടെ മൃതദേഹം എറണാകുളത്ത് സംസ്കരിക്കാൻ സഫിയ ശ്രമിച്ചെങ്കിലും ബന്ധുക്കളുടെ അനുമതിപത്രമില്ലാതെ അനുവാദം നൽകാനാവില്ല എന്ന് പോലീസ് നിലപാടെടുത്തു. അഞ്ചുമണിക്കൂറിലേറെ നീണ്ട കാത്തു നിൽപ്പിനൊടുവിൽ സഫിയയും സുഹൃത്തുക്കളും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആംബുലൻസുമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി.
പോലീസിന്റെ നിർദേശമനുസരിച്ച് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ നിലപാടിൽ ഉറച്ചു നിന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ മൃതദേഹം സഫിയ സംസ്കരിക്കുന്നതിന് സമ്മതപത്രം നൽകാൻ ബന്ധുക്കൾ തയാറായി. മൃതദേഹവുമായി സഫിയയും സുഹൃത്തുക്കളും എറണാകുളത്തേക്ക് മടങ്ങി.
ജയകുമാറും ഭാര്യയും ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്നു. അഞ്ചുവർഷം മുമ്പ് ഇരുവരും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഭാര്യയെയും രണ്ടു മക്കളെയും വീട്ടിൽ ഉപേക്ഷിച്ചു പോയ ജയകുമാർ പിന്നീട് സഫിയയുമായി എറണാകുളത്ത് ഒന്നിച്ച് താമസിക്കുകയായിരുന്നു. രണ്ടുമാസം മുമ്പാണ് ഇയാൾ ഗൾഫിൽ ജോലിക്കു പോയത്.
അതേ സമയം അഞ്ചുവര്ഷം മുമ്പ് നാടുവിട്ടുപോയ ഇയാള്ക്ക് വീടുമായി യാതോരു ബന്ധവുമില്ലന്നും ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്നും ബന്ധുക്കള് പറഞ്ഞു. ഇതിനിടയിലാണ് ജയകുമാര് ലക്ഷദ്വീപ് സ്വദേശിയുമായി അടുപ്പത്തിലാകുന്നത്. ജയകുമാറിന്റെ മരണത്തില് ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള് പറയുന്നു.