കേസുകള് സമയബന്ധിതമായി തീര്പ്പാക്കാന് അഭിഭാഷകരുടെ പിന്തുണ വേണം: ജസ്റ്റീസ് ഷാജി പി. ചാലി
Saturday, May 27, 2023 1:04 AM IST
കൊച്ചി: കോടതിയില് കെട്ടിക്കിടക്കുന്ന കേസുകള് സമയബന്ധിതമായി തീര്പ്പാക്കാന് അഭിഭാഷകരുടെ പൂര്ണ പിന്തുണയുണ്ടാകണമെന്നും നീതിനിര്വഹണ സംവിധാനത്തില് പൊതുജനങ്ങള്ക്കുള്ള വിശ്വാസം ഉറപ്പിക്കാന് ഇത് അനിവാര്യമാണെന്നും ജസ്റ്റീസ് ഷാജി പി. ചാലി.
എട്ടു വര്ഷത്തെ സേവനത്തിനുശേഷം സര്വീസില്നിന്നു വിരമിക്കുന്ന ജസ്റ്റീസ് ഷാജി പി. ചാലിക്ക് ഇന്നലെ ഹൈക്കോടതിയില് നല്കിയ ഫുള്കോര്ട്ട് റഫറന്സില് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിന്റെ തുടക്കത്തില് മാതാപിതാക്കളായ പോള്, ശോശാമ്മ എന്നിവരെയും അധ്യാപകരെയും തന്റെ സീനിയര്മാരായിരുന്നു അഡ്വ. എം.വി. ജോസഫ്, അഡ്വ. കെ.എല്. നരസിംഹന് എന്നിവരെയും അനുസ്മരിക്കവെ ഒരുനിമിഷം വാക്കുകള് ഇടറി. തലകുമ്പിട്ടിരുന്നശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടര്ന്നു. ഹൈക്കോടതിയിലെ വിവിധ ജഡ്ജസ് കമ്മിറ്റികളില് പ്രവര്ത്തിക്കാന് അവസരം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം മറുപടി പ്രസംഗത്തില് വിശദീകരിച്ചു.
കേസുകള് സമയബന്ധിതമായി പൂര്ത്തിയാക്കാന് തനിക്കു പൂര്ണപിന്തുണ അഭിഭാഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലെ ഒന്നാം കോടതിയില് നടന്ന ചടങ്ങില് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, അഡ്വക്കറ്റ് ജനറല് കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈക്കോര്ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എസ്. ബിജു എന്നിവര് പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാരും ജുഡീഷല് ഓഫീസര്മാരും മുന് ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും ചടങ്ങില് പങ്കെടുത്തു.