പാതയോരത്തെ കൊടിയും ബാനറുകളും നീക്കണം
Friday, May 26, 2023 12:58 AM IST
കൊച്ചി: പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബാനറുകളും നീക്കണമെന്ന ഉത്തരവ് അവഗണിച്ചാല്‍ അധികൃതര്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കി. പാതയോരങ്ങളിലെ കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ ഉത്തരവ് നല്‍കിയത്.
അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും പാതയോരങ്ങളില്‍ പാടില്ലെന്ന കോടതിയുത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും റോഡുകള്‍ തോരണങ്ങള്‍കൊണ്ടും ബാനറുകള്കൊണ്ടും നിറയുകയാണെന്നും ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഈ മുന്നറിയിപ്പ് നല്‍കിയത്.
കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യാന്‍ പഞ്ചായത്തുതലത്തില്‍ കമ്മിറ്റികള്‍ക്ക് രൂപംനല്‍കിയെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എന്നാല്‍, ഉത്തരവ് നടപ്പാക്കുന്നതില്‍ അലംഭാവമില്ലെന്നും നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ ജൂണ്‍ എട്ടിന് പരിഗണിക്കാനായി മാറ്റി.