ബജറ്റ് പ്രഖ്യാപനത്തിലും കൂടുതൽ തുക പെട്രോളിനും ഡീസലിനും മദ്യത്തിനും
Sunday, April 2, 2023 1:26 AM IST
തിരുവനന്തപുരം: പെട്രോൾ- ഡീസലിനും മദ്യത്തിനും ബജറ്റിൽ പ്രഖ്യാപിച്ചതിലും ഉയർന്ന തുക ഈടാക്കി സംസ്ഥാന സർക്കാർ. പെട്രോൾ, ഡീസലിന് ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു രൂപ കൂടാതെ അധിക വിൽപന നികുതിയും ഏർപ്പെടുത്തി. ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ 2.02 രൂപയുടെ വർധന നിലവിൽ വന്നു.
തിരുവനന്തപുരം നഗരത്തിൽ മാർച്ച് 31ന് 107.71 രൂപയായിരുന്നു പെട്രോളിന്റെ വിൽപന വില. ഇന്നലെ ഇത് 109.73 രൂപയായി ഉയർന്നു. ലിറ്ററിന് രണ്ടു രൂപ വീതം സെസ് സാമൂഹിക സുരക്ഷാ സെസ് ഇനത്തിൽ ഏർപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. എല്ലാ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുന്ന പ്രഖ്യാപനത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ഉയർന്നെങ്കിലും പിൻവലിക്കാൻ സർക്കാർ തയാറായില്ല.
ഇന്നലെ വർധന നിലവിൽ വന്നപ്പോഴാണ് ഈ തുകയ്ക്കു മേൽ അധിക വിൽപന നികുതിയും ഈടാക്കിയത്. ഇന്നലെ ഡീസലിന് തിരുവനന്തപുരത്ത് 98.53 രൂപയാണ് ഈടാക്കിയത്. പെട്രോൾ, ഡീസൽ വില വർധന പ്രാബല്യത്തിൽ വന്നതോടെ ചരക്കു നീക്ക മേഖലയിൽ ചെലവുയർന്നു. വരും നാളുകളിൽ നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില ഉയരാൻ ഇടയാക്കിയേക്കും.
ഓട്ടോറിക്ഷ തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ തുടങ്ങിയവരുടെ ജീവിതത്തേയും ഗുരുതരമായി ബാധിച്ചു.
മദ്യത്തിന്റെ വിലയിലും പ്രഖ്യാപിച്ചതിലും 10 രൂപ വീതമാണ് അധികമായി ഈടാക്കിയത്. 500 രൂപ മുതൽ 1000 വരെ വിലയുള്ള മദ്യത്തിന് 20 രൂപ സെസ് ഇനത്തിൽ ഈടാക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ഇന്നലെ ഇത് നിലവിൽ വന്നപ്പോൽ തുക 30 രൂപയായി ഉയർന്നു. 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയുടെ വർധനയാണു പ്രഖ്യാപിച്ചിരുന്നത്. ഇത് 50 രൂപയായി ഉയർന്നു. ടേണ് ഓവർ ടാക്സ്, എക്സൈസ് നികുതി, ബിവറേജസ് കോർപറേഷന്റെ കൈകാര്യച്ചെലവ് ഇനങ്ങളിലാണ് 10 രൂപയുടെ വർധനയുണ്ടായതെന്നാണ് കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.