മുരളീധരനോടു കാണിച്ചതു നീതികേട്: ശശി തരൂർ എംപി
Sunday, April 2, 2023 1:26 AM IST
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പാർട്ടി അവഗണിച്ചെന്നു പരാതിപ്പെട്ട കെ. മുരളീധരനെ പിന്തുണച്ച് ഡോ. ശശി തരൂർ എംപി.
സമ്മേളനത്തിൽ മുരളീധരനു പ്രസംഗിക്കാൻ അവസരം നൽകാത്തത് നീതികേടാണെന്നു തരൂർ പറഞ്ഞു. ഇത്തരം നിലപാടുകൾ മാറണം. തനിക്കും അവസരം ലഭിച്ചില്ല. ഒരു വർഷത്തെ പരിപാടിക്കിടയിൽ അവസരം ലഭിച്ചേക്കാം.
മുൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ആണ് എം.എം. ഹസനും രമേശ് ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകിയത്. മറ്റൊരു മുൻ പ്രസിഡന്റ് ആ വേദിയിൽ ഇരിക്കുന്പോൾ അദ്ദേഹത്തിനും അവസരം നൽകണമായിരുന്നു.
വളരെ സീനിയറായ ഒരു നേതാവിനെ അപമാനിക്കുന്നതു ശരിയല്ല. ഇനി വരുന്ന ചടങ്ങുകളിൽ അവസരം കൊടുക്കണം. പാർട്ടി നന്നായി മുന്നോട്ടു പോകണമെങ്കിൽ സീനിയർ നേതാക്കളെ അവഗണിക്കരുതെന്ന് തരൂർ പറഞ്ഞു.