രാജകീയ നഗരപ്രവേശം
Sunday, April 2, 2023 1:26 AM IST
ഫാ. മൈക്കിൾ കാരിമറ്റം
അവന്റെ മുന്പിലും പിന്പിലും നടന്നിരുന്നവർ വിളിച്ചുപറഞ്ഞു. ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളിൽ ഹോസാന! (മർക്കോ11,9-10).
നോന്പുകാലത്തിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ആഴ്ച “വലിയ ആഴ്ച’’എന്നും വിശുദ്ധവാരം എന്നും അറിയപ്പെടുന്നു. യേശു ജറുസലേം നഗരത്തിലേക്ക് അനേകായിരങ്ങളുടെ അകന്പടിയോടെ ഹോസാന വിളികളുടെ മധ്യേ, കഴുതപ്പുറത്ത്, പ്രവേശിച്ചതിന്റെ ഓർമ ആചരിച്ചുകൊണ്ടു തുടങ്ങുന്ന വിശുദ്ധവാരം യേശുവിന്റെ ഉത്ഥാനം ആഘോഷിക്കുന്ന ഉയിർപ്പുതിരുനാളോടെയാണ് സമാപിക്കുന്നത്. ഈ രണ്ടു ഞായറാഴ്ചകൾക്കു മധ്യേ യേശുവിന്റെ ജറൂസലെമിലെ സുവിശേഷ പ്രഘോഷണം, യഹൂദനേതൃത്വവുമായുള്ള അതിരൂക്ഷമായ സംഘട്ടനം, പെസഹാ ആചരണം, പീഡാനുഭവം, കുരിശുമരണം എന്നിവ അനുസ്മരിക്കുന്നു.
വലിയ ആഴ്ച അഥവാ പീഡാനുഭവവാരം ആരംഭിക്കുന്ന ഞായറാഴ്ച ഓശാനഞായർ എന്നും കുരുത്തോലത്തിരുനാൾ എന്നും അറിയപ്പെടുന്നു. തന്റെ അദ്ഭുതപ്രവൃത്തികളും അതുവഴി വെളിപ്പെടുന്ന വ്യക്തിത്വവും ആരെയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കണം എന്നു നിർബന്ധമായും ആവശ്യപ്പെട്ടിരുന്ന യേശു ഇപ്പോൾ പതിവിനു വിരുദ്ധമായി മുൻകൈയെടുത്ത് തലസ്ഥാന നഗരിയായ ജറൂസലെമിലേക്ക് രാജകീയമായി പ്രവേശിക്കുന്നു. ഇതോടെ യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റം നിർണായകമായ സംഭവപരന്പരകൾ തുടങ്ങുകയായി. നാലു സുവിശേഷങ്ങളും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പഴയനിയമത്തിലെ അനേകം പ്രവചനങ്ങളുടെയും പ്രതികരണങ്ങളുടെയും പൂർത്തീകരണം ഇവിടെ കാണാൻ കഴിയും. അവയിൽ ചിലതുമാത്രം എടുത്തുകാട്ടട്ടെ.
1. കഴുത - വിനയത്തിന്റെ മാതൃകയായിട്ടാണ് കഴുത ബൈബിളിൽ പരിഗണിക്കപ്പെടുന്നത്. യുദ്ധംചെയ്യാൻ പോകുന്ന രാജാവ് കുതിരപ്പുറത്തു യാത്ര ചെയ്യുന്നു. എന്നാൽ, യുദ്ധം ജയിച്ച് നഗരത്തിലേക്ക് മടങ്ങിവരുന്നത് കഴുതപ്പുറത്തായിരിക്കും. സമാധാനം പുനഃസ്ഥാപിച്ചതിന്റെ അടയാളംകൂടിയാണ് കഴുത. യേശു കഴുതപ്പുറത്ത് യാത്രചെയ്ത് നഗരത്തിൽ പ്രവേശിക്കുന്പോൾ ഈ സന്ദേശമാണ് ലഭിക്കുന്നത്. ഇത് ഒരു പ്രവചനത്തിന്റെ പൂർത്തീകരണവുമാണ്. “അവൻ പ്രതാപവാനും ജയശാലിയുമാണ്.
അവൻ വിനയാന്വിതനായി കഴുതപ്പുറത്ത് കയറിവരുന്നു’’ (സഖ 9,9).
2. ഹോസാന - ജനക്കൂട്ടം ആർപ്പുവിളിക്കുന്ന ഹോസാന എന്നീ വാക്ക് ഒരു പ്രാർത്ഥനയും ഒപ്പം ജയ്വിളിയുമാണ്. കർത്താവേ രക്ഷിക്കണേ എന്നർത്ഥമുള്ള ഹേഷെയാ നാ എന്ന രണ്ടു ഹീബ്രുവാക്കുകൾ ലോപിച്ചതാണ് ഹോസാന. മിശിഹാരാജാവിനെ അയച്ച് ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാർത്ഥന ആയിരുന്നു ഇത്. പിന്നീട് രാജാവിനെ എതിരേൽക്കുന്ന ജയ്വിളിയായി.
3. കർത്താവിന്റെ നാമത്തിൽ വരുന്നവൻ - ജനത്തെ രക്ഷിക്കാനായി ദൈവം അയയ്ക്കുന്ന മിശിഹാ രാജാവാണ് ഇവിടെ വിവക്ഷ. ഹോസാനവിളിയും ഈ ഉദ്ഘോഷണവും ജനം കൈകളിൽ ഏന്തുന്ന ഈന്തപ്പനയോലയും (യോഹ12,13) എല്ലാം 118-ാം സങ്കീർത്തനത്തിൽ കാണുന്നവയാണ്.
4. ദാവീദിന്റെ രാജ്യം - നാഥാന്റെ പ്രവചനത്തെ (2 സാമു 7,6-17) അടിസ്ഥാനമാക്കി ദാവീദിന്റെ രാജ്യം എന്നേക്കും നിലനിൽക്കുമെന്നു ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിസി 587ൽ ദാവീദിന്റെ വംശത്തിലെ അവസാനത്തെ രാജാവായ സെദെക്കിയ ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു. അതോടെ ദാവീദിന്റെ രാജ്യം നാമാവശേഷമായി. സിംഹാസനം ശൂന്യമായി. ഇനിയും ഒരു രാജാവു വരും. ദാവീദിന്റെ രാജ്യം പുനഃസ്ഥാപിക്കും എന്ന പ്രതീക്ഷ ജനം കാത്തുസൂക്ഷിച്ചു. അതിന്റെ പൂർത്തീകരണമായി യേശുവിന്റെ നഗരപ്രവേശനത്തെ അവർ കണ്ടു, ആഹ്ലാദിച്ചാർത്തുവിളിച്ചു.
യേശു രാജാവാണ്. എന്നാൽ, ഇസ്രയേൽ ജനം പ്രതീക്ഷിച്ചതുപോലൊരു രാജാവല്ല. ദാവീദിന്റെ സാമ്രാജ്യം പുനഃസ്ഥാപിക്കുന്നവനുമല്ല. യേശു സ്ഥാപിക്കുന്നത് ദൈവത്തിന്റെ രാജ്യമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ദൈവമക്കളും അവകാശികളുമാക്കുന്ന, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും (റോമാ 14,17) എല്ലാവർക്കും ലഭ്യമാക്കുന്ന ദൈവഭരണമാണ് യേശു സ്ഥാപിക്കുന്ന ദൈവരാജ്യം.
യേശുവിനെ രാജാവായി പ്രഘോഷിക്കുകയും ഹോസാന വിളിച്ച് പ്രദക്ഷിണംവയ്ക്കുകയും ചെയ്യുന്നവർ ഓർക്കണം, യേശുവിന്റെ രാജത്വത്തിന്റെയും രാജ്യത്തിന്റെയും പ്രത്യേകതകൾ. ആ രാജ്യത്തിലേക്കു പ്രവേശിക്കാൻ ഒന്നേ ആവശ്യമുള്ളൂ. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം’’ (യോഹ 13, 34). ഏറ്റം ചെറിയവർക്ക് ഈ സ്നേഹം അനുഭവവേദ്യമാകണം (മത്താ25, 31-34). ഓശാനഞായർ അതിനുള്ള ഒരു ക്ഷണമായി കരുതണം.