സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധം : എം.വി. ഗോവിന്ദൻ
Sunday, April 2, 2023 1:04 AM IST
തിരുവനന്തപുരം : ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ എ.രാജ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കേന്ദ്രം ഭരിക്കുന്ന ബിജെപി സമീപകാലത്തു സമാനമായ കേസുകളിൽ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങൾക്കു ബലം നൽകുന്നതാണു കെപിസിസിയുടെ നിലപാട്.
കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാര ദുർവിനിയോഗത്തിലൂടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ വയനാട്ടിലും ഉപതെരഞ്ഞെടുപ്പു നടത്തണമെന്നാണോ കെപിസിസിയുടെ അഭിപ്രായം എന്നറിഞ്ഞാൽകൊള്ളാമെന്നും ഗോവിന്ദൻ പറഞ്ഞു.