ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടർക്ക് ശിക്ഷ
Sunday, April 2, 2023 12:58 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ശമ്പള വിതരണം മുടങ്ങുകയും ശമ്പള വിതരണം അനിശ്ചിതത്വത്തിലാവുകയും ചെയ്ത ഘട്ടത്തിൽ ബാഡ്ജ് ധരിച്ച് ജോലി ചെയ്ത വനിതാ കണ്ടക്ടറെ ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റി കഴിഞ്ഞ ദിവസം ഉത്തരവ് ഉണ്ടായത്.
ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതിനാണ് വനിതാ കണ്ടക്ടറെ ശിക്ഷിച്ചത്. കഴിഞ്ഞ ഡിസംബറിലെ ശമ്പളം വിതരണം അനിശ്ചിതമായി നീണ്ടു പോയപ്പോഴാണ് അഖില എസ്. നായർ പ്രതിഷേധിച്ചത്. കഴിഞ്ഞ ജനുവരി 11-നാണ് വൈക്കം ഡിപ്പോയിൽ നിന്നും 8.30 നുള്ള കളക്ടറേറ്റ് സർവീസിൽ ജോലി ചെയ്തപ്പോഴാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിനും കോർപറേഷനും അപകീർത്തി വരുത്തുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതിനാലാണ് ശിക്ഷാ നടപടി സ്വീകരിക്കുന്നതെന്നും അതിന്റെ ഭാഗമായി സ്ഥലം മാറ്റുന്നതെന്നും ഉത്തരവിൽ പറയുന്നു.