‘മാസ്റ്റർപീസ്’ വിവാദം;സർക്കാർ ജോലി ഉപേക്ഷിച്ച് ഫ്രാൻസിസ് നൊറോണ
Sunday, April 2, 2023 12:58 AM IST
കൊച്ചി: വിവാദമായ കക്കുകളി നാടകത്തിന് ആധാരമായ കഥയുടെ രചയിതാവ് ഫ്രാൻസിസ് നൊറോണ തന്റെ മറ്റൊരു രചനയുടെ പേരിലുയർന്ന പരാതിയെത്തുടർന്ന് സർക്കാർ സർവീസിൽനിന്നു സ്വയം വിരമിച്ചു.
സർക്കാർ സർവീസിലെ ചട്ടങ്ങൾ പാലിക്കാതെയാണ് ‘മാസ്റ്റർപീസ്’ എന്ന നോവൽ നൊറോണ പ്രസിദ്ധീകരിച്ചതെന്നായിരുന്നു പരാതി. ജുഡീഷറി വകുപ്പിൽ മൂന്നുവർഷത്തെ സർവീസ് ബാക്കിനിൽക്കേയാണു കഴിഞ്ഞ 31ന് നൊറോണ വിരമിച്ചത്. നോവലിന്റെ പേരിൽ മേലധികാരിയുടെ കാരണം കാണിക്കൽ നോട്ടീസും ഹൈക്കോടതിയിൽ പരാതിയും വന്ന സാഹചര്യത്തിലാണു രാജിയെന്ന് നൊറോണ പറഞ്ഞു. നേരത്തെ പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒടുവിൽ ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്ക് ആയിരുന്നു.
കക്കുകളി നാടകം വിവാദമാകുന്നതിനു മുന്പേ ‘മാസ്റ്റർപീസ്’ നോവലിന്റെ പേരിൽ ഫ്രാൻസിസ് നൊറോണയ്ക്കെതിരേ മേലധികാരികൾക്കു പരാതി ലഭിച്ചിരുന്നു. സർക്കാർ സർവീസിലുള്ളവർ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെന്നതായിരുന്നു നൊറോണയുടെ പേരിലുള്ള ആരോപണം.
ഏറെ ആലോചിച്ചാണു വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് നൊറോണ പറഞ്ഞു. “ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണു നല്ലതെന്നു തീരുമാനിച്ചു. എന്റെ എഴുത്തുജീവിതം അവസാനിച്ചുകാണാൻ ആരോ ആഗ്രഹിക്കുന്നുണ്ട്. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തവരുടെ ലക്ഷ്യം.
ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയിൽ ഞാൻ ഒതുങ്ങുമെന്ന് അവർ കരുതിയിട്ടുണ്ടാകും. പരാതി കൊടുത്തവരുടെ മുന്നിൽ എനിക്കു തോൽക്കാൻ വയ്യ. അങ്ങനെയാണ് സ്വയം വിരമിക്കൽ എടുക്കാമെന്നും ഇനി എഴുത്തിൽ മാത്രം ശ്രദ്ധിക്കാമെന്നുമുള്ള തീരുമാനത്തിലേക്കു ഞാൻ എത്തുന്നത്. ജീവിത പങ്കാളിയും മകളും ഈ തീരുമാനത്തിൽ പൂർണമായും എന്റെ കൂടെ നിന്നതും വലിയ കാര്യമായി”-അദ്ദേഹം പറഞ്ഞു.