പിഎസ്സി നിയമനം നേടിയ 67 അധ്യാപകരെ പുറത്താക്കി ഉത്തരവിറങ്ങി
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷനിലൂടെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥിരനിയമനം നേടിയ 67 ജൂണിയർ ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിട്ടുകൊണ്ടുളള സർക്കാർ ഉത്തരവിറങ്ങി.
തസ്തികാ നഷ്ടത്തിന്റെ പേരിലാണ് അധ്യാപകരെ പിരിച്ചുവിടുന്നതെന്ന് ഉത്തരവിൽ പറയുന്നു. കുട്ടികളുടെ എണ്ണവും ബാച്ചും കുറഞ്ഞതിനെ തുടർന്ന് ആഴ്ച്ചയിൽ ഏഴു മുതൽ 14 വരെ ഇംഗ്ലീഷ് പീരിഡിൽ കുറവ് വന്ന സ്കൂളുകളിൽ അധ്യാപക തസ്തിക നഷ്ടമായതോടെയാണ് 67 ജൂണിയർ അധ്യാപകരുടെ ജോലി നഷ്ടമാകുന്നത്. 2021 ജൂണ് മുതൽ ജോലിയിൽ പ്രവേശിച്ചവരാണ് ഇപ്പോൾ ജോലി നഷ്ടമായി പുറത്തുപോകുന്നത്.
ഇന്നലെ ഇറങ്ങിയ ഉത്തരവ് പ്രകാരം ഹയർ സെക്കൻഡറി (ജൂണിയർ) ഇംഗ്ലീഷിന്റെ സൂപ്പർ ന്യൂമററി തസ്തികകളിൽ നിലവിൽ നിയമിക്കപ്പെട്ടവരായ 66 ജൂണിയർ ഇംഗ്ലീഷ് അധ്യാപകരേയും കഴിഞ്ഞ 30 ന് കാസർഗോഡ് ഉദിനൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം നേടിയ അധ്യാപകൻ ഉൾപ്പെടെ 67 അധ്യാപകരെ ഒഴിവുകൾ ഇല്ലാത്തതിനാൽ 1958 ലെ കേരളാ സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ പ്രകാരമാണ് പിരിച്ചുവിടുന്നതെന്നു പറയുന്നു. എന്നാൽ, മാർച്ച് 31 നു ശേഷം വരുന്ന എച്ച്എസ്എസ്ടി (ജൂണിയർ) ഇംഗ്ലീഷ് തസ്തികയിലെ റെഗുലർ ഒഴിവുകളിൽ സീനിയോറിറ്റി ക്രമത്തിൽ ഈ അധ്യാപകർക്ക് പുനർനിയമനം നല്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ച്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുറത്തിറക്കിയ സ്ഥലം മാറ്റ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്റെ പല ജില്ലകളിലെ സ്കൂളുകളിലും എത്തി ചാർജ് എടുത്തതിന് അടുത്ത ദിവസമാണ് അധ്യാപകരുടെ പുറത്താക്കൽ ഉത്തരവ് പുറത്തുവരുന്നത്.
പിഎസ്സി പരീക്ഷ എഴുതി ജോലിയിൽ പ്രവേശിച്ച അധ്യാപകരെ പുറത്താക്കുന്ന നീക്കത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ യോഗം ഇക്കാര്യം പരിശോധിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇന്നലെ പിരിച്ചുവിടൽ ഉത്തരവിറങ്ങുകയായിരുന്നു.