കൈക്കൂലി വാങ്ങി കേസ് ഒതുക്കിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
Wednesday, March 29, 2023 12:42 AM IST
ചാവക്കാട് : മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റീവ് ഓഫീസർമാർക്കും സസ്പെൻഷൻ.
രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരെയും ഒരു വനിതാ സിവിൽ എക്സൈസ് ഓഫീസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയച്ചു.
എക്സൈസ് ഇൻസ്പെക്ടർ ടി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ.ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ.സിജ എന്നിവരെയാണ് അക്കാദമിയിലേക്കു പരിശീലനത്തിന് അയച്ചത്.
ഇന്റലിജൻസ് വിഭാഗം ജോയിന്റ് എക്സൈസ് കമ്മീഷണറുടെ അന്വേഷണത്തെത്തുടർന്നാണു നടപടി. വിശദമായ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണറെ നിയോഗിച്ചു.