ഭൂമി തരം മാറ്റം : ഫീസിനത്തില്‍ എത്ര രൂപ ലഭിച്ചെന്നു കോടതി
Wednesday, March 29, 2023 12:42 AM IST
കൊച്ചി: ഭൂമി തരം മാറ്റാനുള്ള ഫീസിനത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഇതുവരെ എത്ര രൂപ ലഭിച്ചെന്നും ഇതിലെത്ര തുക കാര്‍ഷിക വികസന ഫണ്ടിലേക്കു നല്‍കിയെന്നും വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി സർക്കാരിനു നിര്‍ദേശം നല്കി.
2018 മുതല്‍ സമാഹരിച്ച തുക കൃഷി വികസന ഫണ്ടിലേക്ക് കൈമാറാണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളീ പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
2022 ല്‍ ഹര്‍ജി സമര്‍പ്പിച്ചശേഷം 18 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയതായി സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. 2021 - 2022 ല്‍ 239 കോടി രൂപയിലേറെ സമാഹരിച്ചത് ഫണ്ടിലേക്ക് അടച്ചിട്ടില്ലെന്നും 2020 -2021 ല്‍ 700 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു. നിലവില്‍ ആയിരം കോടിയിലേറെ രൂപ സമാഹരിച്ചെങ്കിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള കൃഷി വികസന ഫണ്ടിലേക്ക് ഈ തുക അടച്ചിട്ടില്ലെന്നും അറിയിച്ചു.
എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി ഫെബ്രുവരി ഒന്നിനു യോഗം വിളിച്ചെന്നും ഫണ്ട് കൈകാര്യം ചെയ്യാന്‍ അഡി. ചീഫ് സെക്രട്ടറി (റവന്യൂ) ചെയര്‍മാനായും അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കോ - ചെയര്‍മാനായും കമ്മിറ്റി രൂപീകരിച്ചെന്നും സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്കി.
ഫണ്ട് വിനിയോഗത്തില്‍ കമ്മിറ്റി തീരുമാനമെടുത്തില്ലെന്നും ഇതു സംബന്ധിച്ച വിശദീകരണത്തിനു കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്നാണു വര്‍ഷം തോറും ഫീസിനത്തില്‍ കിട്ടിയ തുകയും ഫണ്ടിലേക്ക് നല്കിയ തുകയും വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്കാന് കോടതി ഉത്തരവിട്ടത്. ഹര്‍ജി പത്തു ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.