1000 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് വർധന ഒഴിവായേക്കും
Monday, March 27, 2023 2:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധനയിൽ നിന്ന് 1000 ചതുരശ്ര അടിവരെയുള്ള ഗാർഹിക കെട്ടിടങ്ങളെ ഒഴിവാക്കാൻ ആലോചന. ബജറ്റിലും നിയമസഭയിലും പ്രഖ്യാപിക്കാതെ കെട്ടിട നിർമാണ ഫീസ് നിരക്ക് വർധിപ്പിച്ച തദ്ദേശ വകുപ്പിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് സാധാരണക്കാരെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധനയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്.
ലൈഫ് ഭവന പദ്ധതി വഴി നിർമിക്കുന്ന 600 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്കു നിലവിൽ പെർമിറ്റ് ഫീസിൽ ഇളവുണ്ട്. ഇതിനു മുകളിലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിനുള്ള പെർമിറ്റ് ഫീസിലാണ് മൂന്നിരട്ടി വരെ വർധന വരുത്താൻ തീരുമാനിച്ചത്.
എന്നാൽ, നിരക്കു വർധനയുടെ ചാർട്ട് ഇനിയും തയാറായിട്ടില്ല. ചെറുകിട ഗാർഹിക- ഗാർഹികേതര കെട്ടിടങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. അതനുസരിച്ചാണ് 1000 ചതുരശ്ര അടിവരെയുള്ള ഗാർഹിക കെട്ടിടങ്ങളെ നിരക്കു വർധനയിൽ നിന്ന് ഒഴിവാക്കാൻ ആലോചിക്കുന്നത്. 850 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങളെ ഒഴിവാക്കിയാൽ മതിയെന്ന അഭിപ്രായവുമുണ്ട്.