കേരളത്തിലും കോണ്‍ഗ്രസ്- സിപിഎം സഖ്യം നിലവിൽവന്നു: കെ.സുരേന്ദ്രൻ
Sunday, March 26, 2023 1:36 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം നിലവിൽ വന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
രാഹുൽ ഗാന്ധിക്കു വേണ്ടി തെരുവിലിറങ്ങുമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. വയനാട് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കാനും ഇരുകൂട്ടരും തയാറാവണം.
ഇന്ത്യയിലെ കോടതികൾക്കു വിശ്വാസതയില്ലെന്നാണ് ഇപ്പോൾ കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. ജുഡീഷ്യറിയേയും ഭരണഘടനയേയും അപമാനിക്കുന്നതു കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വിശ്വാസമില്ല, ഇപ്പോൾ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രൻ പറഞ്ഞു.